യുദ്ധം എങ്ങനെ തീരും? അഞ്ച് സാധ്യതകൾ
text_fieldsലിവിവിൽ സിവിലിയൻ പ്രതിരോധ സേനയുടെ ഭാഗമായ യുവതി എ.കെ 47 യന്ത്രത്തോക്കിന്റെ ഉപയോഗം പഠിക്കുന്നു
മോസ്കോ: യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയെ നിയന്ത്രിക്കാൻ നയതന്ത്ര നീക്കങ്ങളൊന്നും നടക്കാതിരിക്കുന്ന സാഹചര്യത്തിൽ ഈ യുദ്ധം എങ്ങനെ അവസാനിക്കുമെന്ന ആശങ്കകൾ ശക്തമായി. നയതന്ത്രജ്ഞരും യുദ്ധകാര്യ വിദഗ്ധരും നിരവധി സാധ്യതകൾ മുന്നോട്ടുവെക്കുന്നുണ്ട്. ചിലർ ആശാവഹമായ അവസാനം പ്രവചിക്കുമ്പോൾ ചിലരുടെ അനുമാനം ഭയപ്പെടുത്തുന്നതാണ്. പ്രബലമായ ആ അഞ്ചു സാധ്യതകൾ ഇങ്ങനെ:
ഹ്രസ്വയുദ്ധം
ഈ സാധ്യതയിൽ റഷ്യ സൈനിക നടപടി ഉടൻ ശക്തിപ്പെടുത്തും. യുക്രെയ്നിലെങ്ങും തലങ്ങും വിലങ്ങും പീരങ്കി, റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടാകും. ഇതുവരെ പിൻവലിഞ്ഞുനിന്ന റഷ്യൻ വ്യോമസേന അതിശക്തമായി രംഗത്തെത്തും. ദേശീയ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വലിയതോതിൽ സൈബർ ആക്രമണം. ഊർജ വിതരണവും കമ്യൂണിക്കേഷൻ ശൃംഖലയും തടയും. ആയിരക്കണക്കിന് സിവിലിയൻന്മാർ കൊല്ലപ്പെടും. യുക്രെയ്ൻ മികച്ച പ്രതിരോധം കാഴ്ചവെക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ കിയവ് വീഴും. സെലൻസ്കിയുടെ സർക്കാറിനെ നീക്കും.
സെലൻസ്കി നാടുവിടുകയോ കൊല്ലപ്പെടുകയോ ചെയ്യും. രക്ഷപ്പെട്ടാൽ സെലൻസ്കി വിദേശത്ത് എവിടെയെങ്കിലും പ്രവാസ സർക്കാർ സ്ഥാപിക്കും. കിയവിൽ റഷ്യൻ അനുകൂല പാവ സർക്കാർ പകരം വരും. വിജയം പ്രഖ്യാപിച്ച് പുടിൻ സേനയെ പിൻവലിക്കും. ചെറിയൊരു സൈനിക വിഭാഗം മാത്രം യുക്രെയ്നിൽ തുടരും. ആയിരക്കണക്കിന് അഭയാർഥികൾ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പ്രവഹിക്കും. ബെലറൂസിനെ പോലെ യുക്രെയ്ൻ സാമന്തരാഷ്ട്രമായി മാറും.
ദീർഘയുദ്ധം
റഷ്യൻ സൈന്യത്തിന് വേണ്ട നിലയിൽ പുരോഗതി കൈവരിക്കാനാകാതെ യുദ്ധം നീണ്ടാൽ സ്ഥിതി മാറും. കിയവിൽ യുക്രെയ്ൻ സൈന്യം നിരത്തുയുദ്ധത്തിൽ റഷ്യൻ സേനയെ പ്രതിരോധിച്ചുനിർത്തിയാൽ സൈനികനീക്കം നീളും. നീണ്ട ഉപരോധത്തിലേക്ക് യുദ്ധം വഴിമാറും. ചെച്നിയൻ തലസ്ഥാനമായ ഗ്രോസ്നി പിടിക്കാൻ '90 കളിൽ റഷ്യ നടത്തിയ മൃഗീയമായ ആക്രമണത്തിന് സമാനമായിരിക്കും പിന്നീടുള്ള കാഴ്ച. യുക്രെയ്നിയൻ നഗരങ്ങളിൽ റഷ്യ കാലുറപ്പിച്ചാലും സമ്പൂർണ നിയന്ത്രണത്തിന് പിന്നെയും വൈകും. വിശാലമായ രാജ്യം മുഴുവനും നിയന്ത്രിക്കാൻ കൂടുതൽ സൈന്യത്തെ ഇറക്കേണ്ടിവരും.
യുക്രെയ്ൻ പ്രതിരോധ സംവിധാനം ജനകീയ പിന്തുണയോടെ ഗറില മുറയിലേക്ക് മാറും. പടിഞ്ഞാറിന്റെ സായുധ സഹായവും തുടരും. പല വർഷങ്ങൾക്കുശേഷം മോസ്കോയിൽ പുതിയൊരു ഭരണനേതൃത്വം വന്നാൽ റഷ്യ മെല്ലെ പിന്മാറിയേക്കും. അഫ്ഗാനിസ്താനിൽനിന്ന് ഒരുദശകം നീണ്ട യുദ്ധത്തിന് ശേഷം റഷ്യ പിന്മാറിയതുപോലെ.
യൂറോപ്യൻ യുദ്ധം
യുക്രെയ്ൻ അതിർത്തികൾ കടന്ന് യുദ്ധം വ്യാപിക്കുമോ? പഴയ റഷ്യൻ സാമ്രാജ്യത്തിന്റെയും സോവിയറ്റ് യൂനിയന്റെയും ഭാഗങ്ങളായ രാജ്യങ്ങൾ തിരിച്ചുപിടിക്കാൻ പുടിൻ ശ്രമിച്ചേക്കാം. അങ്ങനെയെങ്കിൽ നാറ്റോയുടെ ഭാഗമല്ലാത്ത മൾഡോവയും ജോർജിയയും ഭീഷണിയിലാകും. അപ്രതീക്ഷിതമായി കണക്കുകൂട്ടലുകൾ പിഴച്ചും യുദ്ധം പടരാം. യുക്രെയ്നിലേക്കുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ സായുധ സഹായത്തെ പ്രകോപനമായി വിശേഷിപ്പിച്ച് പുടിൻ അവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ കളിമാറും.
നാറ്റോ അംഗരാജ്യങ്ങളായ ബാൾട്ടിക് രാജ്യങ്ങളിലേക്ക് റഷ്യൻ സൈന്യം ഇരച്ചുകയറാം. അതോടെ, നാറ്റോയുമായുള്ള നേർക്കുനേർ യുദ്ധത്തിലേക്ക് കാര്യങ്ങൾ വഴിതിരിയും. പുടിന്റെ ആണവഭീഷണി ഈ സാഹചര്യത്തിൽ അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം.
നയതന്ത്ര പരിഹാരം
ഏതുയുദ്ധത്തിലും നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതയുണ്ട്. ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇടക്കിടെ പുടിനുമായി സംസാരിക്കുന്നുണ്ട്. റഷ്യൻ-യുക്രെയ്ൻ പ്രതിനിധികൾ ബെലറൂസ് അതിർത്തിയിലും ചർച്ച നടത്തുന്നു. പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം പിൻവലിക്കാമെങ്കിൽ യുദ്ധം നിർത്താമെന്ന ധാരണക്ക് പുടിൻ വഴങ്ങിയാൽ സമാധാനത്തിനുള്ള വഴിതെളിയും.
തന്റെ സ്ഥാനത്തിന് ഭീഷണി ഉയരുന്നുവെന്ന സംശയത്തിന്റെ മേലും പുടിൻ വഴങ്ങിയേക്കാം. ചൈന ഇടപെട്ട് സമ്മർദം ചെലുത്തുന്നതും ഒരു സാധ്യതയാണ്. ക്രിമിയയിലും ഡോൺബാസിലും റഷ്യൻ പരമാധികാരം അംഗീകരിക്കാൻ യുക്രെയ്നും നിർബന്ധിതരാകാം. പകരം യുക്രെയ്നിന്റെ സ്വാതന്ത്ര്യം പുടിനും അംഗീകരിക്കും.
പുടിന്റെ പുറത്താകൽ
ഇപ്പോൾ അചിന്തനീയമാണെങ്കിലും ഇങ്ങനെയൊരു കാര്യം സംഭവിച്ചാൽ എന്താകും അവസ്ഥ. ചില പാശ്ചാത്യ നയതന്ത്രജ്ഞർ ഇക്കാര്യം ഇപ്പോൾ തന്നെ പ്രവചിക്കുന്നുണ്ട്. യുദ്ധക്കെടുതി കാരണം പുടിന്റെ ജനകീയ പിന്തുണ നഷ്ടപ്പെടുകയും വലിയ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും ചെയ്യാം. റഷ്യയുടെ ആഭ്യന്തര സുരക്ഷ സേനയെ വിപ്ലവം അമർച്ച ചെയ്യാൻ പുടിൻ ഉപയോഗിക്കും. അങ്ങനെ വന്നാൽ സൈന്യത്തിലും ഭരണത്തിലുമുള്ള പുടിന്റെ ശത്രുക്കൾ കളി തുടങ്ങും. കൊട്ടാരവിപ്ലവത്തിലൂടെ പുടിൻ പുറത്തായേക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.