'ആരോടും യാചിക്കാറില്ല'; തന്നോടൊപ്പം ഫോട്ടോയെടുക്കാൻ മെലോണി കെഞ്ചിയെന്ന് ട്രംപ്, കള്ളക്കഥയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി
text_fieldsറോം: ഫ്രാൻസിലെ ഏവിയാനിൽ നടന്ന ജി7 ഉച്ചകോടിക്ക് പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ പുതിയ വാക്പോര്. ഉച്ചകോടിക്കിടെ തന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ ജോർജിയ മെലോണി തന്റെ പിന്നാലെ നടന്ന് 'യാചിച്ചു' എന്ന ട്രംപിന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ, ട്രംപിന്റെ വാദങ്ങൾ പൂർണമായും കള്ളക്കഥയാണെന്ന് വ്യക്തമാക്കിയ മെലോണി, താനും ഇറ്റലിയും ആരുടെയും മുന്നിൽ യാചിക്കാറില്ലെന്ന് ശക്തമായി തിരിച്ചടിച്ചു. ഇറ്റാലിയൻ മാധ്യമമായ 'ലാ7' (La7) ടിവി ചാനലിന് നൽകിയ പ്രത്യേക ഫോൺ അഭിമുഖത്തിലാണ് ട്രംപ് മെലോണിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.
ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിൽ വെച്ച് നടന്ന ജി7 ഉച്ചകോടിക്കിടെയുള്ള കാര്യങ്ങൾ പങ്കുവെക്കവെയാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. 'എന്നോട് സംസാരിക്കാൻ കഴിഞ്ഞതിൽ അവൾക്ക് വലിയ സന്തോഷം കാണും. സത്യത്തിൽ എനിക്ക് അവളോട് സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. എന്റെ കൂടെ ഒരു ഫോട്ടോയെടുക്കാൻ അവൾ എന്റെ മുന്നിൽ വന്ന് യാചിക്കുകയായിരുന്നു. അത്രയധികം അവൾക്ക് ആ ഫോട്ടോ വേണമായിരുന്നു. ഞാൻ അതിന് സമ്മതിക്കുമായിരുന്നില്ല, പക്ഷേ അവളോട് പാവം തോന്നിയത് കൊണ്ടാണ് ഞാൻ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.' - ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
ഈ വർഷം ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. അതിനുശേഷം ജി7 വേദിയിൽ വെച്ച് ഈ അകൽച്ച കുറഞ്ഞു വരുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ പരാമർശം. ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെ തന്റെ എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് മെലോണി മറുപടി നൽകിയത്. ട്രംപിന്റെ വാക്കുകൾ കേട്ട് താൻ അമ്പരന്നുപോയെന്ന് മെലോനി പറഞ്ഞു.
'ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ പൂർണമായും കെട്ടിച്ചമച്ചതാണ്. സ്വന്തം സഖ്യകക്ഷികളോട് യു.എസ് പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ആദ്യത്തെ സംഭവവുമല്ല. പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും ശത്രുക്കളായ ഭരണാധികാരികളോട് കാണിക്കുന്ന മൃദുസമീപനവും താൽപര്യവും സ്വന്തം സഖ്യകക്ഷികളോട് ട്രംപ് കാണിക്കുന്നില്ല എന്നത് കഷ്ടമാണ്. എന്നാൽ, ട്രംപ് ഒരു കാര്യം ഓർക്കണം: ഞാനും ഇറ്റലിയും ഒരിക്കലും ആരുടെയും മുന്നിൽ യാചിക്കാറില്ല.' - മെലോനി വിഡിയോയിൽ വ്യക്തമാക്കി.
ട്രംപിന്റെ വാക്കുകൾ ഇറ്റലിയിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മെലോണിയെ അപമാനിച്ചത് വഴി ട്രംപ് ഒട്ടാകെ ഇറ്റലിയെയാണ് അപമാനിച്ചതെന്ന് ഇറ്റാലിയൻ ഉപപ്രധാനമന്ത്രി ആന്റോണിയോ താജാനി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ജൂൺ 21, 22 തീയതികളിൽ നടത്താനിരുന്ന തന്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കിയതായും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
ഭീഷണിയുടെ നിഴലിൽ പോലും മെലോണി മറ്റൊരാളോട് ഫോട്ടോ ചോദിക്കുമെന്ന് തനിക്ക് കരുതാനാവില്ലെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പ്രതികരിച്ചു. രാജ്യത്തിന്റെ താൽപര്യങ്ങൾ മുൻനിർത്തി ട്രംപിന്റെ മുൻകാല മോശം പരാമർശങ്ങൾ തത്കാലം മറക്കാൻ മെലോണി തയാറായതിന്റെ വില ട്രംപ് മനസ്സിലാക്കണമെന്നും ഇത്തരം വാക്കുകൾ ഇരുരാജ്യങ്ങൾക്കും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ട്രംപിന്റെ ശക്തയായ അനുഭാവിയായിരുന്നു ജോർജിയ മെലോണി. 2025ൽ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവും അവരായിരുന്നു. എന്നാൽ, ലിയോ മാർപാപ്പയ്‌ക്കെതിരെയുള്ള ട്രംപിന്റെ പരാമർശങ്ങളും ഇറാൻ യുദ്ധത്തിലെ നിലപാടുകളും കാരണം മെലോണി ട്രംപിൽ നിന്നും അകലം പാലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

