ഇംറാൻ രാജ്യം വിടുന്നത് തടയാൻ നീക്കം
text_fieldsഇസ്ലാമാബാദ്: അധികാരം നഷ്ടമായ ഇംറാൻ ഖാനെയും മന്ത്രിമാരെയും നാടുവിടുന്നത് വിലക്കുന്നവരുടെ പട്ടികയിൽ (ഇ.സി.എൽ) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഇസ്ലാമാബാദ് ഹൈകോടതി തിങ്കളാഴ്ച വാദം കേൾക്കും. ദേശീയ അസംബ്ലി സ്പീക്കർ ഖാസിം സൂരി, യു.എസിലെ പാക് അംബാസഡർ അസദ് മജീദ് എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്. നിരാക്ഷേപ പത്രമില്ലാതെ ഇംറാൻ സർക്കാറുമായി ബന്ധമുണ്ടായിരുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ രാജ്യം വിടാൻ ശ്രമിച്ചാൽ തടയണമെന്ന് ഫെഡറൽ അന്വേഷണ ഏജൻസി (എഫ്.ഐ.എ) വിമാനത്താവളങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ പരിശോധനയും കർശനമാക്കി.
പാകിസ്താനിൽ പുതിയ സർക്കാറുണ്ടായാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇംറാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ അടുത്ത സുഹൃത്ത് ഫറ ഖാൻ കഴിഞ്ഞ ആഴ്ച ദുബൈക്ക് പറന്നിരുന്നു. ഇവരുടെ ഭർത്താവ് യു.എസിലേക്കും പോയി. ഉദ്യോഗസ്ഥ നിയമനത്തിനും സ്ഥലംമാറ്റത്തിനും ഫറ വൻ തുക കോഴ വാങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംറാനും ഭാര്യക്കും വേണ്ടിയാണ് കോടികളുടെ അഴിമതി ഫറ നടത്തിയതെന്ന് പാകിസ്താൻ മുസ്ലിം ലീഗ്-എൻ വൈസ് പ്രസിഡന്റ് മറിയം നവാസ് ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.