ഇസ്രായേൽ അധിനിവേശത്തിനെതിരെ യു.എൻ പ്രമേയം; ഇന്ത്യ വിട്ടുനിന്നു
text_fieldsയുനൈറ്റഡ് നേഷൻസ്: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ പ്രമേയം. റഷ്യ, ചൈന, ബെൽജിയം, പോർചുഗൽ, ശ്രീലങ്ക തുടങ്ങി 87 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യു.കെ, യു.എസ്, ജർമനി, ആസ്ട്രേലിയ, കാനഡ, ഇറ്റലി തുടങ്ങി 26 രാജ്യങ്ങൾ എതിർത്തു.
ഇന്ത്യ, ഫ്രാൻസ്, ബ്രസീൽ, ജപ്പാൻ, ന്യൂസിലൻഡ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങി 53 രാഷ്ട്രങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇസ്രായേൽ അധിനിവേശം ഫലസ്തീനികളുടെ മനുഷ്യാവകാശത്തെ ബാധിക്കുന്നതിനാൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിഷയത്തിൽ അഭിപ്രായം പറയണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്.
ഇസ്രായേലിൽ ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമാണ് വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും കൈയേറ്റത്തെ എതിർത്തുള്ള യു.എൻ പ്രമേയം. ഫലസ്തീൻ അധികൃതർ പ്രമേയത്തെ സ്വാഗതം ചെയ്തു. ഇത് ഫലസ്തീൻ നയതന്ത്രത്തിന്റെ വിജയവും നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതുമാണെന്ന് യു.എന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പ്രതികരിച്ചു.
അതേസമയം, ജൂതജനത അധിനിവേശം നടത്തുകയാണെന്ന് ഒരു അന്താരാഷ്ട്ര സംഘടനക്കും പറയാൻ കഴിയില്ലെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാദ് ഇർദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.