ഇന്ത്യ -ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത ഉറപ്പാക്കും, മേഖലയെ സമൃദ്ധിയിലേക്ക് നയിക്കും -മോദി
text_fieldsടോക്യോ: ചൈനയുമായുള്ള ശക്തമായ സൗഹൃദബന്ധം നിർണായകമാണെന്നും അത് മേഖലയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ -ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത ഉറപ്പാക്കുമെന്നും വെള്ളിയാഴ്ച ജപ്പാൻ സന്ദർശന വേളയിൽ മോദി പറഞ്ഞു. ജപ്പാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോദി ആ രാജ്യത്ത് ദ്വിദിന സന്ദർശനം നടത്തുന്നത്. ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ-10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ പ്രോട്ടോടൈപ്പ് നിർമിക്കുന്നയിടം ഉൾപ്പെടെ നാല് ഫാക്ടറികൾ മോദി സന്ദർശിക്കും. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
ജപ്പാൻ സന്ദർശനത്തിനുശേഷം ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഷ്യ, ഇറാൻ, കസാഖ്സ്താൻ, കിർഗിസ്താൻ, പാകിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ, ബെലാറസ് എന്നിവ ഉൾപ്പെടുന്ന കൂട്ടായ്മയാണിത്. ചൈനീസ് പ്രീമിയർ ഷീ ജിൻപിങ്ങിന്‍റെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ നടന്ന എസ്.സി.ഒ യോഗത്തിനിടെ ഷിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, ചൈനയുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മോദി ജാപ്പനീസ് മാധ്യമങ്ങളോട് പറഞ്ഞു.
യുക്രെയ്‌നിലെയും ഗസ്സയിലെയും യുദ്ധം, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് എന്നിവയിൽനിന്ന് ഉടലെടുത്ത ആഗോള പ്രതിസന്ധികൾ ചർച്ചയാകുന്നതിനിടെയാണ് അംഗരാഷ്ട്രത്തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. യു.എസ് തീരുവയിൽനിന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തുന്നതിനായി രണ്ട് ഏഷ്യൻ ഭീമന്മാരും സൗഹൃദം പുനഃസ്ഥാപിച്ചിരിക്കുകയാണ്. യു.എസിന്റെ നീക്കം പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യ-ചൈന സൈനിക സംഘർഷത്തിലും അയവ് വരുത്തി. 48 ബില്യൺ ഡോളറിന്റെ കയറ്റുമതിയെ താരിഫ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ യു.എസ് ചൈനീസ് ഉൽപന്നങ്ങൾക്ക് നികുതി ചുമത്താൻ ആരംഭിച്ചതോടെയാണ് ഇന്ത്യ -ചൈന ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമായത്. നേരത്തെ ഡൽഹി സന്ദർശന വേളയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഏതാനും ചില ഉൽപന്നങ്ങളും മേഖലകളും മാറ്റിനിർത്തിയാൽ, ട്രംപിന്റെ താരിഫ് ആഘാതം നികത്താൻ ഇന്ത്യയുടെയും ചൈനയുടെയും വൻ വിപണികൾ പരസ്പരം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വ്യാപാരം വിപുലീകരിക്കാനും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും പരസ്പരം സമ്മതിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.