Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാൾ പ്രളയത്തിൽ കാണാതായവരുടെ മൃതദേഹം തിരിച്ചറിയാൻ ഇന്ത്യയിൽ ഡി.എൻ.എ പരിശോധന

text_fields
bookmark_border
നേപ്പാൾ പ്രളയത്തിൽ കാണാതായവരുടെ മൃതദേഹം തിരിച്ചറിയാൻ ഇന്ത്യയിൽ ഡി.എൻ.എ പരിശോധന
cancel

ന്യൂഡൽഹി: നേപ്പാളിലെ പ്രളയത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന ഫോറൻസിക് ലാബുകളുടെ സേവനം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ കഴിയുന്ന കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനാണ് സൗകര്യം ഒരുക്കുന്നത്.

ആഗസ്റ്റ് 26ന് ഉണ്ടായ പ്രളയത്തെ തുടർന്ന് നേപ്പാളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. നേപ്പാൾ അധികൃതരുടെ കണക്കനുസരിച്ച് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,259 ആയി. 12,000ത്തിലധികം പേരെ രക്ഷപ്പെടുത്തിയെങ്കിലും ഏകദേശം 5,000 പേരെ ഇപ്പോഴും കാണാതായതായാണ് റിപ്പോർട്ട്.

കാണാതായവരുടെ മാതാവ്, പിതാവ്, മകൻ, മകൾ, സഹോദരൻ, സഹോദരി തുടങ്ങിയ ഒന്നാംതല ജൈവ ബന്ധുക്കളിൽനിന്നാണ് ഇന്ത്യയിൽ സാമ്പിളുകൾ ശേഖരിക്കുക. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ, സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറികൾ, നാഷനൽ ഫോറൻസിക് സയൻസസ് യൂനിവേഴ്സിറ്റിയുടെ ലാബുകൾ, ഡി.എൻ.എ പ്രൊഫൈലിങ് സൗകര്യമുള്ള അംഗീകൃത ലാബുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താം.

നേപ്പാൾ പൊലീസിന്റെ നിർദേശപ്രകാരം തിരിച്ചറിയലിനായി ഓട്ടോസോമൽ എസ്.ടി.ആർ ഡി.എൻ.എ പരിശോധന നടത്താമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന് ആവശ്യമായ സാങ്കേതിക വിവരങ്ങൾ നേപ്പാൾ അധികൃതർ നൽകും.

നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ മഞ്ഞും പാറയും ഉൾപ്പെട്ട ഹിമപാതത്തെ തുടർന്നാണ് വടക്കൻ, മധ്യ നേപ്പാളിലെ വിവിധ മേഖലകളിൽ വ്യാപക നാശം വിതച്ച പ്രളയമുണ്ടായത്. കാണാതായവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നേപ്പാളിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ഇന്ത്യ ഫോറൻസിക് ലാബുകളുടെ സേവനം ലഭ്യമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India DNA Tests Nepal Flood
Next Story