'ഞാൻ ഇന്ത്യയുടെയും പാകിസ്താന്റെയും അടുത്തയാളാണ്, അവർ തമ്മിലുള്ളത് 1,500 വർഷമായുള്ള സംഘർഷം, പ്രശ്നം അവർ തന്നെ പരിഹരിക്കട്ടെ'
text_fieldsവാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തെ വളരെ മോശമായ പ്രവർത്തിയെന്ന് വിളിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടാനില്ലെന്നും വ്യക്തമാക്കി. താൻ ഇന്ത്യയുടെയും പാകിസ്താന്റെയും അടുത്തയാളാണെന്നും പ്രശ്നങ്ങൾ അവർ തന്നെ പരിഹരിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. റോമിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ പ്രതികരണം.
‘‘ഞാൻ ഇന്ത്യയുമായി വളരെ അടുത്തയാളാണ്, പാക്കിസ്താനുമായും വളരെ അടുത്തയാളാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ കശ്മീരിൽ ആയിരം വർഷമായി പോരാടുന്നു. ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ. ഇന്ത്യയിലുണ്ടായതു ഭീകരാക്രമണമായിരുന്നു. 1,500 വർഷമായി ആ അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവർ അത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാക്കിസ്താനും ഇന്ത്യയും തമ്മിൽ വലിയ സംഘർഷമുണ്ട്. എപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്’’– ട്രംപ് പറഞ്ഞു.
നേരത്തേ പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ അമേരിക്കയുടെ പൂര്‍ണ പിന്തുണയും ഉറപ്പുനൽകിയിരുന്നു.
അതേസമയം, ട്രംപിന്റെ വർഷ കണക്ക് സമൂഹമാധ്യങ്ങളിൽ ട്രോളുകൾ നിറച്ചു. നൂറു വർഷം പോലും പഴക്കമില്ലാത്ത രാജ്യവുമായി 1500 വർഷമായി പോരാടുന്നുവെന്നത് ട്രംപിന് മാത്രമേ പറയാനാകൂവെന്നാണ് പരിഹാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.