മോദിയെ ‘ഡിയർ ഫ്രണ്ട്’ എന്ന് വിളിച്ച് പുടിൻ; കാറിൽ ഒന്നിച്ച് യാത്ര, ഒരു മണിക്കൂർ കൂടികാഴ്ച; പിടിമുറുക്കി ഇന്ത്യയും റഷ്യയും
text_fieldsചൈനയിൽ നടന്ന കൂടികാഴ്ചക്കായി കാറിൽ ഒന്നിച്ച് യാത്ര ചെയ്യുന്ന നരേന്ദ്ര മോദിയും വ്ലാദിമിർ പുടിനും
ടിയാൻജിൻ (ചൈന): റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ പിഴച്ചുങ്കം ചുമത്തി അമേരിക്കൻ സമ്മർദം തുടരുന്നതിനിടെ ചൈനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ കൂടികാഴ്ച. തിങ്കളാഴ്ച നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കു പിന്നാലെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കണ്ണിലെ കരടായി മാറിയ ഇരു രാഷ്ട്ര നേതാക്കളുടെയും കൂടികാഴ്ച. ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മോദിയും പുടിനും ഒരു വാഹനത്തിൽ കൂടികാഴ്ച വേദിയിലേക്ക് ഒന്നിച്ച് യാത്രചെയ്തുകൊണ്ടായിരുന്നു ട്രംപിന് ശക്തമായ സന്ദേശനം നൽകിയത്. യാത്രയുടെ ചിത്രം ‘എക്സ്’ പേജിൽ പങ്കുവെച്ച നരേന്ദ്ര മോദി, പുടിനുമായുള്ള സംഭാഷണം എന്നും ഉൾകാഴ്ച പകരുന്നതാണെന്ന് കുറിച്ചു.
കൂടികാഴ്ചക്ക് മുമ്പായി നടന്ന ഉച്ചകോടി വേദിയിൽ മോദിയും പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഒന്നിച്ച് നിൽക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതുമായി ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ മാത്രം ഇന്ത്യക്കെതിരെ ചുമത്തിയ 25 ശതമാനം പിഴ തീരുവ ഉൾപ്പെടെ 50 ശതമാനം അധിക തീരുവയുടെ ഭാരം രാജ്യങ്ങൾ തമ്മിലെ സമവാക്യങ്ങൾ തെറ്റിക്കുന്നതിനിടെയാണ് ചൈനയിലെ ശ്രദ്ധേയമായ കൂടികാഴ്ച. ഊർജ രംഗത്തെ സഹകരണത്തിൽ ഇരു രാഷ്ട്ര നേതാക്കളും തൃപ്തി അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചു.
റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് അവലോകനം ചെയ്തുവെന്നും, ഇറക്കുമതി തുടരാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന അമേരിക്കയുടെ ഭീഷണിക്കിടെയാണ് ഇന്ത്യ നിലപാട് ആവർത്തിച്ച് ട്രംപിന് മറുപടി നൽകുന്നത്.
കൂടികാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്കൊപ്പം, ലോകസമാധാനത്തിനും സുസ്ഥിരതക്കുമായി എല്ലാ ദുർഘകടമായ സാഹചര്യങ്ങളിലും ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് മോദിയും പുടിനും വ്യക്തമാക്കി.
യുക്രെയ്ൻ-റഷ്യ യുദ്ധവും ചർച്ചയായി. സംഘർഷം അവസാനിപ്പിക്കാനുള്ള വഴി തേടണമെന്ന് ആവശ്യമുന്നയിച്ച നരേന്ദ്ര മോദി, ഇന്ത്യയും റഷ്യയും തമ്മിലെ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും, പുടിന്റെ ഇന്ത്യയിലേക്കുള്ള വരവിനായി രാജ്യം കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
നരേന്ദ്ര മോദി അടുത്ത സുഹൃത്തെന്നായിരുന്നു പുടിൻ വിശേഷിപ്പിച്ചത്.
യുക്രെയ്നുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ചൈയുടെയും ഇന്ത്യയുടെയും ശ്രമങ്ങളെ പുടിൻ പ്രശംസിച്ചു. ‘ഡിയർ ഫ്രണ്ട്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പുടിൻ നരേന്ദ്ര മോദിയെ കൂടികാഴ്ചയിലേക്ക് സ്വാഗതം ചെയ്തത്. ഡിസംബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് പുടിൻ നേരത്തെ അറിയിച്ചിരുന്നു.
യുക്രെയ്നിലെ റഷ്യൻ നടത്തുന്ന യുദ്ധത്തിനു പിന്നിൽ ഇന്ത്യയാണെന്ന അമേരിക്കയുടെ ആരോപണം അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്നായിരുന്നു ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പ്രസ്താവന. യുക്രെയ്നിലേത് ‘മോദി യുദ്ധം’ എന്ന കടന്ന പരാമർശവും പീറ്റർ നവാരോ നടത്തി. അതേസമയം, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും ഇന്ത്യ തങ്ങളുടെ നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.