സ്വതന്ത്രവ്യാപാര കരാറിൽ ഇന്ത്യയുമായി ചർച്ചകൾ ശുഭസൂചകമെന്ന് യു.എസ്
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും
ന്യൂഡൽഹി: സ്വതന്ത്രവ്യാപാര കരാറിൽ ഇന്ത്യയുമായി ചൊവ്വാഴ്ച നടന്ന ചർച്ചകൾ ശുഭസൂചകമെന്ന് യു.എസ് സംഘം. ഇന്ത്യക്ക് മേൽ 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ, ഇതാദ്യമായാണ് ഉഭയകക്ഷി വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ചർച്ചക്കിരിക്കുന്നത്.
‘യു.എസ് വ്യാപാര പ്രതിനിധി ബ്രെഡൻ ലിഞ്ചും വാണിജ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗർവാളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിൽ നടന്ന ചർച്ചകൾ ശുഭസൂചകമായിരുന്നു.’-യു.എസ് എംബസി വക്താവ് ചർച്ചക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് ബ്രെഡൻ ലിഞ്ചും സംഘവും ചർച്ചകൾക്കായി ഡൽഹിയിലെത്തിയത്. എന്നാൽ, ഉഭയകക്ഷി കരാറിൻമേലുള്ള ആറാംവട്ട ചർച്ചകളല്ല നിലവിൽ നടക്കുന്നതെന്നും അതിന് മുന്നോടിയായുള്ള ചർച്ചകൾ മാത്രമാണെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഓഗസ്റ്റിൽ റഷ്യൻ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ-യു.എസ് ബന്ധത്തിൽ ഉലച്ചിലുണ്ടായിരുന്നു. അധിക നികുതി ചുമത്തിയ യു.എസ് നടപടി അന്യായമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണെന്നും, കൂടുതൽ എൽ.എൻ.ജി വാങ്ങുന്നത് യൂറോപ്യൻ യൂണിയനാണെന്നും തങ്ങൾക്കെതിരെയുള്ള നടപടി വിവേചനപരമാണെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇതിനിടെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മരിച്ചുവെന്ന ട്രംപിൻറെ പ്രസ്താവനയും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ യുദ്ധക്കൊതിക്ക് ഇന്ധനം പകരുന്നുവെന്ന ട്രംപിന്റെ ഉപദേശകൻ പീറ്റർ നവാരോയുടെ വാക്കുകളും ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം കൂടുതൽ വഷളാക്കിയിരുന്നു.
എന്നാൽ, നിലപാടിൽ മയം വരുത്തിയ ട്രംപ് ഇന്ത്യയുമായി വ്യാപാര കരാർ പൂർത്തിയാക്കാനാവുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കഴിഞ്ഞയാഴ്ച പ്രസ്താവനയിറക്കിയിരുന്നു. പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിനോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് മഞ്ഞുരുക്കത്തിന് വഴിയൊരുങ്ങിയത്.
ഇന്ത്യയും യു.എസും സുഹൃത്തുക്കളാണെന്ന് എക്സിലെ കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. ആ സൗഹൃദത്തിൻറെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര ചർച്ചകൾ വഴിവെക്കുമെന്നാണ് പ്രതീക്ഷ. വ്യാപാരക്കരാർ കഴിവതും നേരത്തെ അന്തിമമാക്കാൻ ഇരുപക്ഷവും ശ്രമിക്കുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
നവംബറോടെ ഉഭയകക്ഷി വ്യാപാര കരാറിലെ ആദ്യഭാഗം പൂർത്തിയാക്കാനായിരുന്നു തീരുമാനം. അഞ്ച് റൗണ്ട് ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിനിടെ, അധിക നികുതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ സ്വരച്ചേർച്ചയുണ്ടായതോടെ ഓഗസ്ററ് 25 മുതൽ 29 വരെ നടക്കാനിരുന്ന ആറാം റൗണ്ട് ചർച്ചകൾ മാറ്റിവെക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.