ഇന്ത്യമായുള്ള തർക്കം പരിഹരിക്കപ്പെടും -യു.എസ് ട്രഷറി സെക്രട്ടറി
text_fieldsസ്കോട്ട് ബെസെന്റ്
ന്യൂയോർക്: ഇന്ത്യയും അമേരിക്കയും തമ്മിലെ വ്യാപാര തർക്കം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുമായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യയുടെ മൂല്യങ്ങൾ റഷ്യയെക്കാൾ ചേർന്നുനിൽക്കുന്നത് അമേരിക്കയോടും ചൈനയോടുമാണെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്.സി.ഒ) പ്രകടനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ഉൾപ്പെടെ നേതാക്കൾ പങ്കെടുത്ത എസ്.സി.ഒ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് ട്രഷറി സെക്രട്ടറിയുടെ പ്രതികരണം.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. റഷ്യൻ എണ്ണ വാങ്ങുന്നതിന് പുറമെ, ഇന്ത്യ-യു.എസ് വ്യാപാര ചർച്ചയിലെ മെല്ലെപ്പോക്കും തീരുവ ഉയർത്താൻ കാരണമായതായി അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കയുമായി വ്യാപാര കരാറിനുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ആസ്ട്രേലിയ, യു.എ.ഇ, മൗറീഷ്യസ്, യു.കെ, നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇ.എഫ്.ടി.എ എന്നിവയുമായി കരാറുകൾ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം ക്രമേണ സാധാരണ നിലയിലേക്ക് എത്തുകയാണ്. അതിർത്തി തർക്കം പരിഹരിക്കപ്പെടുമ്പോൾ സംഘർഷത്തിന് അയവുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, റഷ്യ, ചൈന ഐക്യം പ്രശ്നമെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്
ന്യൂയോർക്: ഇന്ത്യ, റഷ്യ, ചൈന രാഷ്ട്രനേതാക്കളുടെ ഐക്യം അൽപം പ്രശ്നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. അമേരിക്ക, യൂറോപ്പ്, യുക്രെയ്ൻ എന്നിവയോടൊപ്പമാണ് ഇന്ത്യ നിൽക്കേണ്ടതെന്നും റഷ്യക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതികളായ വ്ലാദിമിർ പുടിൻ, ഷി ജിൻപിങ് എന്നിവരുമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിെന്റ നേതാവായ മോദി കൂട്ടുകെട്ടുണ്ടാക്കുന്നത് ലജ്ജാകരമാണ്. നിരർഥകമായ നീക്കമാണ് ഇത്. ദശാബ്ദങ്ങളായി ചൈനയുമായി ശീതയുദ്ധത്തിലും ചിലപ്പോൾ നേരിട്ടുള്ള ഏറ്റുമുട്ടലിലും ഇന്ത്യ ഏർപ്പെട്ടിരിക്കെ, മോദി എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ല. അമേരിക്കയുടെയും യൂറോപ്പിെന്റയും യുക്രെയ്െന്റയും ഒപ്പം നിൽക്കേണ്ടതിെന്റ ആവശ്യം മോദി തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണം -അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ചരക്കുകൈമാറ്റ കേന്ദ്രമായി ചൈന ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.