ഗൾഫ് മേഖലയിലെ സംഘർഷവിരാമത്തിന് പിന്നാലെ ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കർ ഖത്തറിൽ
text_fieldsദോഹ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പത്തു ദിവസത്തെ വിദേശ പര്യടനത്തിന് ഞായറാഴ്ച ഖത്തറിലെ സന്ദർശനത്തോടെ തുടക്കമായി. ഖത്തറിന് പുറമെ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളും വരും ദിവസങ്ങളിൽ സന്ദർശിക്കും. തുടർന്ന് യു.എസ്, ബെൽജിയം എന്നിവിടങ്ങളിലെ പര്യടനം നടത്തും. ഞായറാഴ്ച ദോഹയിലെത്തിയ എസ്. ജയ്ശങ്കർ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിൽ ഖത്തർ പ്രധാനമന്ത്രിക്ക് അദ്ദേഹം ഇന്ത്യയുടെ നന്ദിയറിയിച്ചു.
ഊർജം, വ്യാപാരം, നിക്ഷേപങ്ങൾ, കണക്റ്റിവിറ്റി, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവക്ക് പ്രത്യേക ഊന്നൽ നൽകി, ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തതായും ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പുതിയ സാധ്യതകൾ ചർച്ച ചെയ്തതായും ജയ്ശങ്കർ എക്സ് പോസ്റ്റിൽ അറിയിച്ചു .പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചും അതിന്റെ ആഘാതങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ പങ്കുവെച്ചതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിനുപിന്നാലെ, ജയ്ശങ്കർ ബഹ്റൈൻ സന്ദർശിക്കും. തുടർന്ന്, ജൂലൈ ഏഴു മുതൽ ഒമ്പതു വരെ കുവൈത്തിലും ജൂലൈ ഒമ്പത്, 10 തീയതികളിൽ ഒമാനിലും സന്ദർശനം നടത്തും. യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ജയ്ശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഈ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ‘ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ഈ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഒപ്പം പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ പങ്കുവെക്കാനുള്ള അവസരമായി ഇത് മാറുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗൾഫ് പര്യടനത്തിന് ശേഷം ജൂലൈ 13-ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും. 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും. സന്ദർശനത്തിന്റെ അവസാന ദിവസങ്ങളായ ജൂലൈ 14, 15 തീയതികളിൽ അദ്ദേഹം ബ്രസൽസ് സന്ദർശിക്കും. മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും. ഇന്ത്യ- യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായ ശേഷമുള്ള പ്രധാന കൂടിക്കാഴ്ച കൂടിയാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

