വെട്ടേറ്റ് കൈ അറ്റുതൂങ്ങി, നിരവധി തവണ കുത്തേറ്റു, നട്ടെല്ലിന് പൊട്ടൽ; ആസ്ട്രേലിയയിൽ ഇന്ത്യൻ വംശജനുനേർക്ക് വീണ്ടും ക്രൂര ആക്രമണം
text_fieldsകാൻബെറ: ആസ്ട്രേലിയയിൽ ഇന്ത്യൻ വംശജനുനേർക്ക് വീണ്ടും അതിക്രൂര ആക്രമണം. ദിവസങ്ങൾക്കുമുമ്പ് ചരൺപ്രീത് സിങ് എന്ന 23കാരനായ വിദ്യാർഥി വംശീയാധിക്ഷേപത്തിനും മർദനത്തിനും ഇരയായതിനുപിന്നാലെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. സൗരഭ് ആനന്ദ് എന്ന 33കാരനാണ് കത്തികൊണ്ട് വെട്ടേൽക്കുകയും കുത്തേൽക്കുകയും ചെയ്തത്.
ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് തന്നെ പറയുന്നു. അഞ്ചുപേരടങ്ങിയ സംഘം വളഞ്ഞ് സൗരഭിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് സൗരഭിന്‍റെ കൈ അറ്റുതൂങ്ങി. നിരവധി തവണ കുത്തേൽക്കുകയും ചെയ്തു. നട്ടെല്ലിന് പൊട്ടലുണ്ട്.
ഷോപ്പിങ് സെന്‍ററിലെ ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങി മടങ്ങവെയായിരുന്നു ക്രൂര ആക്രമണം.
ജൂലായ് 19നായിരുന്നു 23കാരന് നേരെയുണ്ടായ ആക്രമണം. അഡ്‍ലൈഡിലെ കിന്റോർ അവന്യുവിൽ രാത്രി നഗരത്തിലെ ലൈറ്റ് ഷോ കാണാനെത്തിയപ്പോഴായിരുന്നു പ്രകോപനങ്ങളൊന്നുമില്ലാതെ അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യക്കാർക്കെതിരെ തെറിയഭിഷേകം നടത്തികൊണ്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറിൽ നിന്നും വലിച്ചിഴച്ച ശേഷം, റോഡിലിട്ട് മർദിക്കുകയായിരുന്നു. ആക്രമണങ്ങളിൽ മുഖത്തും ദേഹമാസകലവും പരിക്കേറ്റ ചരൺപ്രീത് സിങ് ആശുപത്രിയിൽ ചികിത്സയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.