മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും; അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ, പൊതുദർശനം ഇന്ന് വൈകീട്ട് വരെ
text_fieldsന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച വത്തിക്കാനിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ ഡിസൂസ എന്നിവർ രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് അവസാന ചടങ്ങുകൾ നടക്കുക. റോമിലെ സാന്റ മരിയ മഗ്വിയോർ ബസിലിക്കയിലാണ് ഭൗതികദേഹം അടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ബുധനാഴ്ച ആരംഭിച്ച പൊതുദർശനം വെള്ളിയാഴ്ച വൈകീട്ട് വരെ തുടരും.
അതേസമയം, വിടവാങ്ങിയ ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തുന്നത്. അവസാന ദർശനം കൊതിച്ച് വിശ്വാസികളൊഴുകിയപ്പോൾ രാത്രിയിലും അവർക്കായി ബസിലിക്കയുടെ വാതിലുകൾ തുറന്നുകിടന്നു.
മരത്തിൽ തീർത്ത പേടകത്തിൽ പ്രധാന അൽത്താരയിലാണ് പാപ്പയുടെ ഭൗതിക ദേഹം കിടത്തിയത്. ബുധനാഴ്ച രാവിലെ പൊതുദർശനം അനുവദിച്ച ശേഷം വ്യാഴാഴ്ച രാവിലെയാകുമ്പോഴേക്ക് അരലക്ഷത്തിലേറെ പേർ ദർശനം നടത്തി. അതിൽ അർധരാത്രിക്കു ശേഷം 5.30 വരെ മാത്രം 13,000ത്തോളം പേർ എത്തി. ഒന്നര മണിക്കൂർ ചെറിയ ഇടവേളക്കു ശേഷം ഏഴു മണിയോടെ വീണ്ടും തുറന്നു.
140 കോടി കത്തോലിക്ക വിശ്വാസികളുടെ സമാരാധ്യനായ ആത്മീയ നായകൻ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. ന്യുമോണിയ ബാധിച്ച് അഞ്ചാഴ്ചയിലേറെ ചികിത്സയിലായിരുന്ന മാർപാപ്പ ഈസ്റ്റർ ദിനത്തിൽ പൊതുവേദിയിൽ എത്തിയിരുന്നു. പിറ്റേന്നാണ് വിടവാങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.