Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ കപ്പലുകൾക്ക് ഇനി ഹുർമുസിലൂടെ സഞ്ചരിക്കാം; നിയന്ത്രണങ്ങളിൽ ഇളവുമായി ഇറാൻ

text_fields
bookmark_border
ഇന്ത്യൻ കപ്പലുകൾക്ക് ഇനി ഹുർമുസിലൂടെ സഞ്ചരിക്കാം; നിയന്ത്രണങ്ങളിൽ ഇളവുമായി ഇറാൻ
cancel

തെഹ്‌റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി സർവീസ് നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് അനുവദിച്ചു. ഇറാനിയൻ പാർലമെന്റിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനായ അമീർ ഹയാത്ത് മുഖദ്ദാം ആണ് ഇക്കാര്യം അറിയിച്ചത്

"ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളെ ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാം," മുഖദ്ദാം പറഞ്ഞു. ഇറാന്റെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കാനാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രവേശനം നൽകുന്നത്. ചൈനയ്ക്ക് ഇളവ് നൽകുന്നത് ബീജിങിൽ നിന്നുള്ള രാഷ്ട്രീയ പിന്തുണ ലക്ഷ്യമിട്ടാണ്. ഇന്ത്യ, ചൈന കപ്പലുകളിൽ നിന്ന് ടാക്സ് (ട്രാൻസിറ്റ് ഫീ) ഈടാക്കുമെന്നും എന്നാൽ ഖത്തറിന് സൗജന്യ പാതയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്നതാണ് ഹോർമുസ് കടലിടുക്ക്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. മുൻപ് 70 ശതമാനത്തോളം എണ്ണ ഈ പാതയിലൂടെയാണ് എത്തിയിരുന്നതെങ്കിൽ, റഷ്യ, യു.എസ്, വെസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിച്ച് ഇന്ത്യ തങ്ങളുടെ ആശ്രിതത്വം 30 ശതമാനമായി കുറച്ചിട്ടുണ്ട്. എങ്കിലും, രാജ്യത്തേക്ക് ആവശ്യമായ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും എൽ.എൻ.ജി, വളം എന്നിവയുടെ വലിയൊരു പങ്കും ഇന്നും ഈ പാത വഴിയാണ് വരുന്നത്.

പടിഞ്ഞാറൻ ഏഷ്യയിൽ തുടരുന്ന സംഘർഷത്തിലും കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും ഇതുവരെ 15 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ജൂണിൽ ഒമാൻ തീരത്ത് എം.ടി സെറ്റ്ബെല്ലോ കപ്പലിന് നേർക്കുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരും സെപ്റ്റംബറിൽ എം.വി കേപ് ദാവോ കപ്പലിലുണ്ടായ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറിൽ എം.ടി ഓൺ പീസ് കപ്പലിന് നേരെ ആക്രമണമുണ്ടായപ്പോൾ 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഏറ്റവും ഒടുവിലായി നവംബർ രണ്ടിന് എം.എസ്.വി അൽ യൂസുഫി കപ്പലിന് നേരെ ഒമാൻ തീരത്തുണ്ടായ ആക്രമണത്തിലും ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയുണ്ടായി.

2026 ഫെബ്രുവരി 28-ലെ യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ മാർച്ച് രണ്ടിനാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതായി പ്രഖ്യാപിച്ചത്. ഏപ്രിലിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ജൂലൈയോടെ വീണ്ടും സംഘർഷം കടുക്കുകയായിരുന്നു. പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ലോകത്തെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിൽ ഒന്നാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian ships can now transit through the Strait of Hormuz; Iran eases restrictions.
Next Story