തെറിവിളിയുമായി ആക്രമണം; ആസ്ട്രേലിയയിൽ വംശവെറിക്കിരയായി ഇന്ത്യൻ വിദ്യാർഥി
text_fieldsഅഡ്ലൈഡ്: ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ വംശീയാക്രമണം. ആയുധങ്ങൾ ഉപയോഗിച്ച് നടന്ന കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ മുഖത്തും ശരീരത്തിലും പരിക്കേറ്റ 23കാരനായ ചരൺപ്രീത് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലായ് 19 ശനിയാഴ്ച അഡ്‍ലൈഡിലെ കിന്റോർ അവന്യുവിൽ രാത്രിയോടെയായിരുന്നു സംഭവം. ഭാര്യക്കൊപ്പം, നഗരത്തിലെ ലൈറ്റ് ഷോ കാണാനെത്തിയപ്പോഴായിരുന്നു പ്രകോപനങ്ങളൊന്നുമില്ലാതെ അഞ്ചംഗ സംഘം ദമ്പതികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യക്കാർക്കെതിരെ തെറിയഭിഷേകം നടത്തികൊണ്ട് ഇവർക്കെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറിൽ നിന്നും വലിച്ചിഴച്ച ശേഷം, റോഡിലിട്ട് മർദിക്കുകയായിരുന്നു. ദൃസാക്ഷികൾ പകർത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ആക്രമണങ്ങളിൽ ചരൺപ്രീതിന് മുഖത്തും, ദേഹമാസകലവും പരിക്കേറ്റു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുമ്പ് നക്ക്ൾസും, കൂർത്ത ആയുധങ്ങളും സഹിതമായിരുന്നു ആക്രമണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ആക്രമണത്തിനു പിന്നാലെ മടങ്ങിയ സംഘത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ചരൺപ്രീതിന്റെ ഭാര്യയെയും ഇവർ ഭീഷണിപെടുത്തി. ജോലിതേടിയെത്തിയവരും വിദ്യാർഥികളുമായി എട്ടു ലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായുള്ള ആസ്ട്രേലിയിയിൽ നടന്ന വംശീയാക്രമണം ആശങ്കയായി മാറി. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ ഉത്കണ്ഠ രേഖപ്പെടുത്തിയത്. വിദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു. ആസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹം കൂടിയാണ് ഇന്ത്യക്കാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.