സിന്ധു നദീജല കരാർ: ഇന്ത്യക്കെതിരെ യു.എൻ സുരക്ഷാ കൗൺസിലിനെ സമീപിച്ച് പാകിസ്താൻ
text_fieldsന്യൂയോർക്ക്: സിന്ധു നദീജല കരാറിൽ ഇന്ത്യ നടത്തുന്ന ലംഘനങ്ങൾക്കെതിരെ യു.എൻ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ സുരക്ഷാ കൗൺസിലിന് ഔദ്യോഗികമായി കത്തയച്ചു. കരാറുമായി ബന്ധപ്പെട്ട ഇസ്ലാമാബാദിന്റെ ആശങ്കകൾ വ്യക്തമാക്കിക്കൊണ്ട് ഉപപ്രധാനമന്ത്രി എഴുതിയ കത്ത് യു.എന്നിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിഖർ അഹമ്മദ് യു.എൻ രക്ഷാസമിതി പ്രസിഡൻ്റിന് കൈമാറി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കത്ത് കൈമാറിയ വിവരം അറിയിച്ചത്. ജൂൺ മാസത്തെ യു.എൻ രക്ഷാസമിതി അധ്യക്ഷ ലിയോനോർ സലാബത ടോറസിനാണ് കത്ത് നൽകിയത്. 1960-ൽ വേൾഡ് ബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ 2025 ഏപ്രിൽ 26 ന് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യയുടെ സിന്ധു നദീജല കരാർ ലംഘനങ്ങളെ കുറിച്ചുള്ള പാകിസ്താന്റെ ആശങ്കകൾ കത്തിലൂടെ യു.എൻ രക്ഷാസമിതിയുടെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദക്ഷിണേഷ്യയിലെ നിലവിലെ പൊതുവായ സാഹചര്യങ്ങളെക്കുറിച്ചും രക്ഷാസമിതി പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അസിം വ്യക്തമാക്കി.
ചെനാബ് നദിക്ക് കുറുകെയുള്ള ഇന്ത്യയുടെ രണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചുള്ള ആശങ്കകളാണ് പ്രധാനമായും കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും സമാനമായ രീതിയിൽ പാകിസ്താൻ ഉപപ്രധാനമന്ത്രി യു.എൻ രക്ഷാസമിതിക്ക് കത്തയച്ചിരുന്നു. സിന്ധു നദിയിലെ വെള്ളത്തിന്മേൽ ജലാധിപത്യം സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലുള്ള സലാൽ അണക്കെട്ടിൽ വരുത്തുന്ന ഘടനാപരമായ മാറ്റങ്ങളും ചെളി നീക്കം ചെയ്യലും വഴി നദീതടത്തിന്റെ നിയന്ത്രണം ഇന്ത്യ പൂർണ്ണമായി ഏറ്റെടുക്കാൻ ശ്രമിക്കുന്നതായും നദിയിലെ ജലപ്രവാഹവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഇന്ത്യ പാകിസ്താന് കൈമാറുന്നില്ലെന്നും പാകിസ്താൻ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ഈ കരാർ അന്താരാഷ്ട്ര നിയമപ്രകാരം ഇപ്പോഴും നിലനിൽക്കുന്നതാണെന്നും, നദീജല പ്രവാഹം തടസ്സപ്പെടുത്താനുള്ള ഇന്ത്യയുടെ ഏതൊരു നീക്കത്തെയും 'യുദ്ധപ്രവ്യത്തിയായി' കണക്കാക്കുമെന്നും പാകിസ്താൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

