ആർ.എസ്.എസ് മതത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർ; മോഹൻ ഭാഗവതിന്റെ യു.എസ് സന്ദർശനത്തിൽ ആശങ്ക പങ്കുവെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
text_fieldsമോഹൻ ഭാഗവത്
ന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ യു.എസ് സന്ദർശനത്തിൽ ആശങ്ക പങ്കുവെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി). ലോകസൗഹൃദവും നാഗരിക സംവാദവും പ്രചരിപ്പിക്കുന്ന ഒരു സാംസ്കാരിക സംഘടനയായി അമേരിക്കൻ ജനതക്ക് മുന്നിൽ സ്വയം അവതരിപ്പിക്കാനുള്ള ആർ.എസ്.എസിന്റെ ശ്രമങ്ങളെ ഐ.ഒ.സി ചോദ്യം ചെയ്തു.
ആർ.എസ്.എസ് പ്രതിനിധികളുമായി ഇടപഴകുന്ന അമേരിക്കൻ രാഷ്ട്രീയ, വ്യാവസായിക, മത, പൗരത്വ നേതാക്കൾ ആർ.എസ്.എസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും മനസ്സിലാക്കണമെന്ന് ഐ.ഒ.സി യു.എസ് ഘടകം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യം ലക്ഷ്യമിട്ട് ‘അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘യൂനിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 29 ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയെയും ഹിന്ദു സമൂഹത്തെയും സംഘടനയെയും കുറിച്ച് വസ്തുതാപരവും ക്രിയാത്മകവുമായ കാഴ്ചപ്പാട് അവതരിപ്പിക്കുക, വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന സന്ദേശം കൈമാറുക, ഹിന്ദുക്കളുടെയും ഇന്ത്യൻ വംശജരുടെയും താൽപര്യങ്ങളെയും അവകാശങ്ങളെയും കുറിച്ച് സംവദിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഭാഗവതിന്റെ വിദേശസന്ദർശനം ലക്ഷ്യമിടുന്നതെന്ന് ആർ.എസ്.എസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിദേശത്തുവെച്ചുള്ള പി.ആർ കാമ്പയിനുകളിൽ ഉപയോഗിക്കുന്ന ഭാഷയിലൂടെ മാത്രം ആർ.എസ്.എസിനെ വിലയിരുത്താൻ കഴിയില്ലെന്നും, അവരുടെ ചരിത്രവും പ്രത്യയശാസ്ത്രവും പരിശോധിക്കേണ്ടതുണ്ടെന്നും ഐ.ഒ.സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മഹത്തായതും പ്രാചീനവുമായ മതവിശ്വാസങ്ങളിലൊന്നായ ഹിന്ദുമതത്തെയും, ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും വേറിട്ടു കാണണമെന്നും കൂട്ടിച്ചേർത്തു.
മോഹൻ ഭാഗവതിന്റെ പങ്കാളിത്തവും ആർ.എസ്.എസിന്റെ ചരിത്രവും ചൂണ്ടിക്കാട്ടി നിരവധി പ്രാദേശിക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പരിപാടിയിൽ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ അവരുടെ വിശ്വാസവും സംസ്കാരവും ദേശസ്നേഹവും നിരന്തരം ചോദ്യംചെയ്യപ്പെടുമെന്ന ഭയത്തോടെ ജീവിക്കുമ്പോൾ, അവിടെ അർത്ഥവത്തായ ദേശീയ ഐക്യ സന്ദേശത്തിന് സ്ഥാനമില്ല. മതപരമായ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന്റെ വില അളക്കപ്പെടുമ്പോൾ അവിടെ അർത്ഥവത്തായ ജനാധിപത്യം നിലനിൽക്കില്ല - പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മോഹൻ ഭാഗവത് പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയും രംഗത്തെത്തിയിരുന്നു. റാലിയെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്വകാര്യ സ്വഭാവമുള്ള ഇത്തരം പരിപാടികൾ റദ്ദാക്കാൻ നഗരഭരണകൂടത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

