Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല മുട്ടുകുത്തില്ല'; പെസഷ്കിയാന്റെ യു.എൻ പ്രസംഗത്തിന് പിന്നാലെ 'ബാഹുബലി' ദൃശ്യങ്ങൾ പങ്കുവെച്ച് ഇറാൻ കോൺസുലേറ്റ്

text_fields
bookmark_border
ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല മുട്ടുകുത്തില്ല; പെസഷ്കിയാന്റെ യു.എൻ പ്രസംഗത്തിന് പിന്നാലെ ബാഹുബലി ദൃശ്യങ്ങൾ പങ്കുവെച്ച് ഇറാൻ കോൺസുലേറ്റ്
cancel

ഹൈദരാബാദ്: ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സന്ദേശവും രാജമൗലി ചിത്രമായ 'ബാഹുബലി'യും തമ്മിൽ എന്ത് ബന്ധമാണുള്ളത്? ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് നൽകുന്ന മറുപടി ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ (യു.എൻ.ജി.എ) നടത്തിയ പ്രസംഗത്തിന് പിന്നാലെ, തങ്ങളുടെ നിശ്ചയദാർഢ്യം ലോകത്തെ അറിയിക്കാൻ പ്രഭാസ് നായകനായ 'ബാഹുബലി: ദി ബിഗിനിങ്' എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് എംബസി.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധരംഗങ്ങളിലൊന്നാണ് ഇറാൻ കോൺസുലേറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കാലകേയ സൈന്യത്തോട് ഏറ്റുമുട്ടുന്ന അമരേന്ദ്ര ബാഹുബലിയെയാണ് വീഡിയോയിൽ കാണാനാകുക. ശക്തരായ ശത്രുക്കൾക്ക് മുന്നിലും പിന്മാറാൻ തയ്യാറാകാത്ത ബാഹുബലിയുടെ ഈ രംഗം എസ്.എസ്. രാജമൗലി ചിത്രത്തിലെ മികച്ച മുഹൂർത്തങ്ങളിലൊന്നാണ്. സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന പെസഷ്കിയാന്റെ വാക്കുകളെ ഈ രംഗത്തോട് ഉപമിക്കുകയാണ് കോൺസുലേറ്റ് ചെയ്തിരിക്കുന്നത്."യു.എൻ ജനറൽ അസംബ്ലിയിൽ ഇറാൻ പ്രസിഡന്റ് ഡോ. പെസെഷ്കിയാൻ: 'ഞങ്ങൾ ഒരിക്കലും തലകുനിക്കുകയോ മുട്ടുകുത്തുകയോ ചെയ്യില്ല'" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

കോൺസുലേറ്റിന്റെ അപ്രതീക്ഷിതമായ ഈ 'ബാഹുബലി' പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറാന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ വളരെ മികച്ചതാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് ഇത്തരത്തിലൊരു ബാഹുബലി എഡിറ്റ് പങ്കുവെക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

സെപ്റ്റംബർ 23 ന് ന്യൂയോർക്കിൽ നടന്ന 81-ാമത് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിലായിരുന്നു പെസഷ്കിയാന്റെ ശ്രദ്ധേയമായ പ്രസംഗം. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഉപരോധങ്ങളോ ഭീഷണികളോ സമ്മർദ്ദങ്ങളോ ഉപയോഗിച്ച് ഇറാനെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ ഇറാനിയൻ ജനതയുടെ നിശ്ചയദാർഢ്യം വർധിപ്പിക്കുക മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എൻ പ്രസംഗത്തിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ബാഹ്യസമ്മർദ്ദങ്ങൾക്കെതിരെയുള്ള ഇറാന്റെ ചെറുത്തുനിൽപ്പ് വ്യക്തമാക്കിയുള്ള പെസഷ്കിയാന്റെ പ്രതികരണം.

2015-ൽ പുറത്തിറങ്ങിയ എസ്.എസ്. രാജമൗലിയുടെ ഇതിഹാസ തെലുങ്ക് ചിത്രമാണ് 'ബാഹുബലി: ദി ബിഗിനിങ്'. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, സത്യരാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്ത്യൻ സിനിമയിലെ വലിയ വിജയങ്ങളിലൊന്നായി മാറി. തുടർന്ന് 2017-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബാഹുബലി 2: ദി കൺക്ലൂഷനും' പുറത്തിറങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran Consulate Shares Baahubali Clip
Next Story