ട്രംപിനെ തള്ളി ഇറാൻ; ഹുർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരും, വെടിനിർത്തൽ ലംഘിച്ചാൽ അടക്കും!
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ പ്രതിരോധ മന്ത്രാലയം. കടലിടുക്ക് തുറക്കുന്നത് നിബന്ധനകൾക്ക് വിധേയമാണെന്നും നിലവിലെ സാഹചര്യം താത്കാലികം മാത്രമാണെന്നും ഇറാൻ വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ലബനാനിലെ വെടിനിർത്തൽ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമായിരിക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലായ്-നിക് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൈനിക കപ്പലുകൾക്കും ഇറാനോട് ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ കപ്പലുകൾക്കും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടൊപ്പം നിലവിലെ സ്ഥിതിഗതികൾ മാറുകയോ ലബനാനിലെ സാഹചര്യം വഷളാകുകയോ ചെയ്താൽ ജലപാത വീണ്ടും അടക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം ലബനാനിൽ ഇസ്രായേൽ ഇനി ബോംബാക്രമണം നടത്തില്ലെന്നും അമേരിക്ക അത് തടഞ്ഞിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും രംഗത്ത് വന്നിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് ഉന്നയിച്ച ഏഴ് അവകാശവാദങ്ങളും പച്ചക്കള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹുർമുസിലൂടെയുള്ള യാത്ര ഇനി മുതൽ ഇറാന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഹുർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനുമായുള്ള ഇടപാടുകൾ നൂറ് ശതമാനം പൂർത്തിയാകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങൾക്കുള്ള നാവിക ഉപരോധം കർശനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടൊപ്പം ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം അമേരിക്കക്ക് കൈമാറുമെന്നും ഇറാന്റെ ആണവ പദ്ധതികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഹുർമുസ് കടലിടുക്കിലെ മൈനുകൾ ഇറാൻ നീക്കം ചെയ്തു തുടങ്ങിയതായും വരും ദിവസങ്ങളിൽ സമാധാന കരാറിൽ പുരോഗതിയുണ്ടാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഇറാൻ.
അമേരിക്കയുടെ സാമ്പത്തിക ഉപരോധവും ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും മേഖലയിലെ സമുദ്ര സുരക്ഷയെ ബാധിക്കുമെന്ന് ഇറാൻ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

