Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ നഗരങ്ങളിൽ കൂറ്റൻ റാലികൾ; പെസെഷ്‍കിയാൻ അടക്കം പതിനായിരങ്ങൾ അണിനിരന്നു

text_fields
bookmark_border
ഇറാൻ നഗരങ്ങളിൽ കൂറ്റൻ റാലികൾ; പെസെഷ്‍കിയാൻ അടക്കം പതിനായിരങ്ങൾ അണിനിരന്നു
cancel

തെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ജനകീയ റാലിയും സൈനിക പരേഡും സംഘടിപ്പിച്ച് ഇറാൻ. വെള്ളിയാഴ്ച നടന്ന “ജൻഫദായെ ഇറാൻ” (ഇറാനുവേണ്ടിയുള്ള ആത്മസമർപ്പണം) എന്ന് നാമകരണം ചെയ്ത കൂറ്റൻ റാലിയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‍കിയാൻ അടക്കം പതിനായിരങ്ങൾ പങ്കെടുത്തു. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഇറാൻ ജനത തയാറാണെന്ന് വിളംബരം ചെയ്യുന്നതായിരുന്നു റാലി. പരേഡിൽ ഇറാന്റെ അത്യാധുനിക ഡ്രോണുകളും സൈനിക ഉപകരണങ്ങളും പ്രദർശിപ്പിച്ചു. തലസ്ഥാന നഗരിയായ തെഹ്റാനിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും സമാനമായ രീതിയിൽ വൻ ജനകീയ കൂട്ടായ്മകൾ നടന്നിട്ടുണ്ട്.

തെഹ്റാനിലെ ഇമാം ഹുസൈൻ സ്ക്വയറിൽ നിന്ന് ആരംഭിച്ച് ഇങ്കിലാബ് സ്ക്വയർ വരെ നീണ്ടുനിന്ന പരേഡിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരന്നതായി തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ ചരിത്രത്തിലെ "വിശുദ്ധ പ്രതിരോധ" കാലഘട്ടത്തിലെ യുദ്ധവീരന്മാർ, യുവാക്കൾ, സ്ത്രീകൾ, തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ റാലിയിൽ അണിനിരന്നു. വനിതകൾക്കും യുവാക്കൾക്കുമായി പരേഡിൽ പ്രത്യേക വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇറാൻ റവല്യൂഷണറി ഗാർഡ്സിലെ (ഐ.ആർ.ജി.സി) വനിതാ അംഗങ്ങൾ തോക്കുകളുമേന്തി അണിനിരന്നത് റാലിയുടെ ശ്രദ്ധേയമായ കാഴ്ചയായി.


ചടങ്ങിൽ സംസാരിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‍കിയാൻ ജനങ്ങളുടെ പങ്കാളിത്തത്തെയും ആവേശത്തെയും പുകഴ്ത്തി. ഇറാൻ ജനതയുടെ പങ്കാളിത്തം ദേശീയ ഐക്യത്തെയും പ്രദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള ദൃഢനിശ്ചയത്തെ തുറന്നുകാട്ടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരേഡിൽ അണിനിരന്ന ഓരോ പൗരനും പ്രസിഡന്റ് പ്രത്യേകം നന്ദി അറിയിച്ചു. ഇറാൻ എല്ലാ ഇറാനികൾക്കും അവകാശപ്പെട്ടതാണെന്നും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ പരസ്പര കൂട്ടായ്മയും ദേശീയ ഐക്യവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ആർ.ജി.സി ഗ്രേറ്റർ തെഹ്റാൻ കമാൻഡറായ ജനറൽ ഹസൻ സആദ നൽകിയ വിവരങ്ങൾ അനുസരിച്ച്, ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനായി തെഹ്റാനിൽ നിന്ന് മാത്രം അഞ്ച് ലക്ഷത്തോളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് രജിസ്ട്രേഷൻ കണക്കാണെന്നും പരേഡിൽ നേരിട്ട് പങ്കെടുത്തവരുടെ കൃത്യമായ എണ്ണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് മാർച്ച് 29-നാണ് "ജൻഫദായെ ഇറാൻ" എന്ന ഈ ബഹുജന പ്രചാരണം ആരംഭിച്ചത്. തുടർന്നുള്ള മാസങ്ങളിൽ ഇത് രാജ്യവ്യാപകമായ ഒരു പ്രതിരോധ പ്രസ്ഥാനമായി വളരുകയായിരുന്നു. നിലവിൽ 3.2 കോടിയിലധികം ജനങ്ങൾ ഈ സന്നദ്ധ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായിട്ടുണ്ടെന്നാണ് സംഘാടകർ പറയുന്നത്.


അമേരിക്കൻ ഉപരോധങ്ങളും സാമ്പത്തിക ഉപരോധങ്ങളും കാരണം ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ ബഹുജന റാലി നടന്നത്. ഉപരോധങ്ങൾ മൂലം ജനങ്ങൾ വലിയ പ്രയാസത്തിലാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഈ പറഞ്ഞു. നേരത്തെ സാമ്പത്തിക പ്രയാസങ്ങൾ കാരണം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നെങ്കിലും, ഫെബ്രുവരി അവസാനത്തോടെ യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതോടെ രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ജനങ്ങൾ സർക്കാരിന് പിന്തുണയുമായി മുന്നോട്ടുവരുന്ന കാഴ്ചയാണ് കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran holds biggest Tehran rally since US-Israel war began
Next Story