ഇറാൻ ആണവ വിഷയം യു.എൻ രക്ഷാസമിതിയിലേക്ക്? നിർണായക പ്രമേയവുമായി പടിഞ്ഞാറൻ രാജ്യങ്ങൾ
text_fieldsവിയന്ന: ആണവ നിർവ്യാപന ബാധ്യതകൾ പാലിക്കുന്നതിൽ ഇറാൻ വീഴ്ച വരുത്തിയെന്നാരോപിച്ച് വിഷയം യു.എൻ രക്ഷാസമിതിക്ക് വിടാൻ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങൾ പ്രമേയം തയ്യാറാക്കി. യു.എൻ ആണവനിരീക്ഷണ ഏജൻസിയായ ഐ.എ.ഇ.എയുടെ 35 അംഗ ബോർഡ് ഓഫ് ഗവർണേഴ്സ് അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ പ്രമേയം പരിഗണിച്ചേക്കും. പ്രമേയം നിലവിൽ ചർച്ചകളിലാണെന്നും അന്തിമമായി സമർപ്പിച്ചിട്ടില്ലെന്നും നയതന്ത്രജ്ഞർ പറഞ്ഞു.
പ്രമേയം പാസായാൽ ഇറാന്റെ ആണവ വിഷയം യു.എൻ രക്ഷാസമിതിയുടെ പരിഗണനയിലെത്തും. ഉപരോധം, സ്വത്ത് മരവിപ്പിക്കൽ തുടങ്ങിയ നിയമപരമായി ബാധകമായ നടപടികൾക്ക് രക്ഷാസമിതിക്ക് അധികാരമുണ്ട്. എന്നാൽ ഇറാന്റെ സഖ്യകക്ഷികളായ റഷ്യക്കും ചൈനക്കും വീറ്റോ അധികാരമുള്ളതിനാൽ കടുത്ത യു.എൻ നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തൽ.
2025 ജൂൺ 12ന് ഐ.എ.ഇ.എ ബോർഡ് ഇറാൻ ആണവ നിർവ്യാപന ബാധ്യതകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. പ്രഖ്യാപിക്കാത്ത കേന്ദ്രങ്ങളിൽ കണ്ടെത്തിയ യുറേനിയം അവശിഷ്ടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാൻ പൂർണമായി സഹകരിച്ചില്ലെന്നായിരുന്നു വിലയിരുത്തൽ. ഇതിന് പിന്നാലെ ജൂൺ 13ന് ഇസ്രായേലും പിന്നീട് യു.എസും ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.
ആക്രമണത്തിന് ശേഷം ബാധിക്കപ്പെട്ട ആണവ കേന്ദ്രങ്ങളിൽ ഐ.എ.ഇ.എ ഇൻസ്പെക്ടർമാർക്ക് പ്രവേശനം ലഭിച്ചിട്ടില്ല. ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരത്തിന്റെ നിലവിലെ സ്ഥിതിയും ഏജൻസിക്ക് സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണത്തിന് മുമ്പ് ഇറാന്റെ കൈവശം 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഉണ്ടായിരുന്നെന്നാണ് ഐ.എ.ഇ.എയുടെ കണക്ക്. ഇത് ആയുധനിലവാരമായ 90 ശതമാനത്തിലേക്ക് സമ്പുഷ്ടീകരിച്ചാൽ 10 ആണവായുധങ്ങൾക്ക് മതിയാകുമെന്ന് ഏജൻസി കണക്കാക്കുന്നു.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്നും ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നുമാണ് നിലപാട്. അതേസമയം, വിഷയം നയതന്ത്രപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതായും കരട് പ്രമേയത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

