‘ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം’; ഹുർമൂസ് കടലിടുക്ക് ഭീഷണിക്ക് പിന്നാലെ ഭൂഗർഭ നിലയത്തിലെ ആയുധശേഖരത്തിന്റെ വിഡിയോ പുറത്തു വിട്ട് ഇറാൻ
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ ഭൂഗർഭ അറകളിൽ സജ്ജീകരിച്ചിരിക്കുന്ന മിസൈലുകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഭൂഗർഭ താവളങ്ങളിൽ അതീവ സുരക്ഷയോടെ സൂക്ഷിച്ചിരിക്കുന്ന മിസൈലുകളുടെ വൻ ശേഖരമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇറാന്റെ മിസൈൽ ശേഷി തകർത്തെന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുമ്പോഴാണ് വെല്ലുവിളിയുമായി ഇറാൻ രംഗത്തെത്തിയത്.
ഇപ്പോൾ പുറത്തുവിട്ടത് ഇറാന്റെ ആയുധശേഖരത്തിന്റെ 'മഞ്ഞുമലയുടെ ഒരറ്റം' (Tip of the iceberg) മാത്രമാണെന്നും ഇതിലും വലിയ ശേഖരം ഇനിയും വെളിപ്പെടുത്താനുണ്ടെന്നുമാണ് ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇറാന്റെ മിസൈൽ ശേഖരം വലിയതോതിൽ നശിപ്പിച്ചെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും വാദങ്ങളെ ദൃശ്യങ്ങൾ തള്ളിക്കളയുന്നതാണ്. ഹുർമൂസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തിയാൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയത്.
അമേരിക്കൻ ഭീഷണി നടപ്പിലാക്കിയാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ-ജല വിതരണ ശൃംഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലെ നിർണ്ണായകമായ ഇൻഫ്രാസ്ട്രക്ചറുകളെ തകർക്കാൻ തക്ക ശേഷിയുള്ള മിസൈലുകളാണ് തങ്ങളുടെ പക്കലുള്ളതെന്നും ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
ഹുർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണ്. അമേരിക്കയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ മിസൈൽ സജ്ജമാണെന്ന ഇറാന്റെ പ്രഖ്യാപനം ഗൾഫ് മേഖലയെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ ഊർജ്ജിതമായേക്കും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

