തെഹ്റാൻ ജയിലാക്രമണം: കൊല്ലപ്പെട്ടത് 71 പേരെന്ന് ഇറാൻ
text_fieldsതെഹ്റാനിൽ ബോംബിങ്ങിൽ തകർന്ന എവിൻ ജയിലിലെ അവശിഷ്ടങ്ങൾ നീക്കുന്നു
തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നിരവധി പ്രതിപക്ഷ രാഷ്ട്രീയ തടവുകാർ കഴിയുന്ന എവിൻ ജയിലിനു മേൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടതായി ഇറാൻ നീതിന്യായ വിഭാഗം വക്താവ് അസ്ഗർ ജഹാംഗീർ. തടവുകാർക്ക് പുറമെ ജീവനക്കാർ, പട്ടാളക്കാർ, സന്ദർശകർ എന്നിവരും കൊല്ലപ്പെട്ടവരിൽ പെടും. ഇറാൻ- ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിലാകുംമുമ്പ് ജൂൺ 23ന് ആണ് ജയിൽ ആക്രമിക്കപ്പെട്ടത്. ജയിലിലെ ആശുപത്രി, എൻജിനീയറിങ്, ഓഫിസ് കെട്ടിടങ്ങൾ, സന്ദർശക ഹാൾ എന്നിവക്കു മേൽ ബോംബ് വീണു.
ആദ്യമായാണ് ഇറാൻ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിടുന്നത്. ആക്രമണത്തിൽ മുതിർന്ന പ്രോസിക്യൂട്ടർ അലി ഗനാത്കർ കൊല്ലപ്പെട്ടതായി ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. 12 ദിവസം നീണ്ട ആക്രമണത്തിനിടെ ഇറാന്റെ 30 കമാൻഡർമാർ, 11 ആണവ ശാസ്ത്രജ്ഞർ എന്നിവരെ വധിച്ചതായും 720 സൈനിക കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മറുപടിയായി ഇറാൻ തൊടുത്ത 550ൽ ഏറെ ബാലിസ്റ്റിക് മിസൈലുകളിലേറെയും പ്രതിരോധിക്കാനായെങ്കിലും ഇസ്രായേലിൽ പതിച്ചവ വൻ നാശമാണ് വരുത്തിയത്. 28 പേർ കൊല്ലപ്പെടുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.