‘നെതന്യാഹുവിനെ നരകത്തിലേക്ക് അയക്കും, ഉപരോധം തുടർന്നാൽ തിരിച്ചടിക്കും’; യു.എസിനും ഇസ്രായേലിനുമെതിരെ കനത്ത മുന്നറിയിപ്പുമായി ഇറാൻ
text_fieldsതെഹ്റാൻ: ഇറാനെതിരെ ഉപരോധം തുടരുകയാണെങ്കിൽ അമേരിക്കയുമായി കടുത്ത ഏറ്റുമുട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്‌സിൻ റസായി. കൂടാതെ ഇസ്രായേലുമായുള്ള സംഘർഷം ഇനിയുമുണ്ടായാൽ അത് യുദ്ധത്തിന്റെ മറ്റൊരു ഘട്ടമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൽ-മനാർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കടുത്ത പ്രതികരണങ്ങൾ നടത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ‘നരകത്തിലേക്ക് അയക്കുമെന്നും’, അദ്ദേഹത്തിന്റെ ചെയ്തികൾ സയണിസ്റ്റ് ഭരണകൂടത്തിന്റെ അന്ത്യം അടുപ്പിച്ചിരിക്കുകയാണെന്നും റസായി തുറന്നടിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നുണ്ടെന്ന തരത്തിൽ നെതന്യാഹു തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും റസായി ആരോപിച്ചു. ഈ വ്യാജ വാർത്തകൾ ട്രംപിനെ ഭയപ്പെടുത്തുകയും ഒരു ഫുഡ് ട്രക്ക് തൊഴിലാളിയെപ്പോലെ പരിഭ്രാന്തിയോടെയാണ് ട്രംപ് പെരുമാറിയതെന്ന് പരിഹസിക്കുകയും ചെയ്തു.
ലബനാനിലെ സംഘർഷങ്ങളെക്കുറിച്ചും റസായി സംസാരിച്ചു. ലബനാനിലെ ദാഹിയ, ബൈറൂത് എന്നിവ ഇറാന്റെ 'റെഡ് ലൈനുകൾ' (ചുവന്ന വരകൾ) ആണെന്നും, ഭാവിയിലുണ്ടാകുന്ന ഏത് യുദ്ധവും മുൻകാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്ക ഇപ്പോൾ സാമ്പത്തിക ഉപരോധങ്ങളിലേക്ക് തിരിഞ്ഞത് അവരുടെ സൈനിക നീക്കങ്ങളുടെ പരാജയമാണ് തുറന്നുകാട്ടുന്നതെന്നും റസായി പറഞ്ഞു. സാമ്പത്തിക ഉപരോധം ശക്തമാക്കിയാൽ മേഖലയിലെ അമേരിക്കയുടെ സാമ്പത്തിക താത്പര്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തുമെന്നും റസായി കൂട്ടിച്ചേർത്തു.
അതേസമയം വെടിനിർത്തൽ സമയത്ത് ഉപരോധം മറികടന്ന് വലിയ തോതിൽ എണ്ണ കയറ്റുമതി ചെയ്യാൻ തങ്ങൾക്ക് കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ‘ യു.എസ് നാവിക ഉപരോധം ഭേദിച്ച് ഏകദേശം 70 മുതൽ 80 ദശലക്ഷം ബാരൽ എണ്ണയാണ് ഞങ്ങൾ കയറ്റുമതി ചെയ്തത്. ഉപരോധം ഇനിയും തുടരുകയാണെങ്കിൽ, അത് അമേരിക്കയുമായുള്ള കടുത്ത പോരാട്ടത്തിന് വഴിവെക്കും. തീവ്രമായ രീതിയിൽ തന്നെ അമേരിക്കയുടെ സാമ്പത്തിക സ്രോതസ്സുകളെ ഞങ്ങൾ 100 ശതമാനവും ലക്ഷ്യമിടും,’ റസായി വ്യക്തമാക്കി.
അതേസമയം, ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അഭിനന്ദിച്ചു. ഇറാന്റെ സൈനിക പ്രവർത്തനങ്ങളുമായും എണ്ണ വ്യാപാരവുമായും ബന്ധമുള്ള 60ഓളം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കപ്പലുകൾക്കും എതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ നീക്കത്തിലൂടെ ഇറാൻ ഭരണകൂടത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു എക്സിൽ കുറിച്ചു.
നിലവിൽ ഇറാനുമായി അമേരിക്ക യാതൊരുവിധ ചർച്ചകളും നടത്തുന്നില്ലെന്ന് വൈറ്റ് ഹൗസും ചർച്ചകളിലേക്ക് മടങ്ങിവരാൻ ഇറാനോട് യാതൊരു സമയപരിധിയും അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രംപും അവകാശപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

