Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനിൽ നിർണായക ചർച്ച; സൗദിയും തുർക്കിയയും പാകിസ്താനും പ​ങ്കെടുത്തു, ഇസ്രയേലിനെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് പെസെഷ്കിയാൻ

text_fields
bookmark_border
ഇറാനിൽ നിർണായക ചർച്ച; സൗദിയും തുർക്കിയയും പാകിസ്താനും പ​ങ്കെടുത്തു, ഇസ്രയേലിനെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് പെസെഷ്കിയാൻ
cancel

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രാദേശിക ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ ഉന്നത പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥരുമായി തെഹ്റാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനും ഇസ്രയേലിന്റെ ആക്രമണങ്ങൾക്കെതിരെയും രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, തുർക്കി രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കാലിൻ, പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റസായിയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യോഗത്തിലുണ്ടായിരുന്നു.

മേഖലയിലെ ജനങ്ങൾ നേരിടുന്ന ഭീഷണികൾക്കെതിരെ മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കൂടുതൽ സഹകരണം വേണമെന്നും പെസെഷ്കിയാൻ പറഞ്ഞു. പ്രാദേശിക ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്താൻ യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് ഇറാന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മർദവും ഉപരോധങ്ങളും ഉപയോഗിച്ച് രാജ്യങ്ങളെ കീഴ്പ്പെടുത്താമെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലാ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിക്കുന്നതിലൂടെ വെല്ലുവിളികളെ നേരിടാനും ബാഹ്യ സമ്മർദങ്ങളെ അതിജീവിക്കാനുമുള്ള ശേഷി വർധിക്കുമെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.

സൗദി അറേബ്യയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദി വിമാനത്താവളങ്ങൾ, എണ്ണ കേന്ദ്രങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. സൗദി അറേബ്യയാകട്ടെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കക്കിടെ യോഗം വരെ പ്രാധാന്യത്തോടെയാണ് ലോക രാജ്യങ്ങൾ കാണുന്നത്. ഫലസ്തീൻ, ലെബനൻ വിഷയങ്ങൾ, ഇസ്രായേലിന്റെ നീക്കങ്ങൾ, ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ എന്നിവയും ചർച്ചകളുടെ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാകിസ്താൻ, സൗദി അറേബ്യ, തുർക്കിയ എന്നീ രാജ്യങ്ങൾ ആഗസ്റ്റിൽ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കരാർ പ്രകാരം അംഗരാജ്യങ്ങളിൽ ഒന്നിനെതിരായ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് ധാരണയിലെത്തിയിരുന്നു.

നിലവിലെ പ്രതിസന്ധിയിൽ സംഘർഷം കുറയ്ക്കാനും നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് തെഹ്റാനിലെ യോഗമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പൊതുനയതന്ത്ര വിഭാഗം ഡെപ്യൂട്ടി മന്ത്രി വ്യക്തമാക്കി. ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതും ചർച്ചകളുടെ ലക്ഷ്യമാണ്.

നാല് രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചക്ക് നിർദേശം മുന്നോട്ടുവെച്ചത് പാകിസ്താനാണെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഗേരി അറിയിച്ചു. പശ്ചിമേഷ്യയുടെ സുരക്ഷ മേഖലാ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ ഒരാഴ്ചക്കിടെയുള്ള രണ്ടാമത്തെ ഇറാൻ സന്ദർശനമാണിത്. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനായി പാകിസ്താൻ തുടർച്ചയായി നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്. ഇറാൻ, അമേരിക്ക എന്നിവർക്കിടയിൽ വിശ്വാസം പുനഃസ്ഥാപിക്കുകയും സുരക്ഷാ വിഷയങ്ങളിൽ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നതും ഈ ശ്രമങ്ങളുടെ ഭാഗമാണ്.

യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, മേഖലയിലെ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി നാല് രാജ്യങ്ങളും തമ്മിലുള്ള സംഭാഷണവും സഹകരണവും തുടരുമെന്ന് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran talks with Saudi, Turkey, Pak; unity call against Israel
Next Story