Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ യുദ്ധം: തകർത്തത്...

ഇറാൻ യുദ്ധം: തകർത്തത് 12 യു.എസ് യുദ്ധ വിമാനങ്ങളും17 ആളില്ലാ വിമാനങ്ങളും

text_fields
bookmark_border
ഇറാൻ യുദ്ധം: തകർത്തത് 12 യു.എസ് യുദ്ധ വിമാനങ്ങളും17 ആളില്ലാ വിമാനങ്ങളും
cancel

വാഷിങ്ടൺ/തെഹ്റാൻ: ഇറാനെ ഒറ്റദിവസം കൊണ്ട് തീർക്കാമെന്ന് കരുതി യുദ്ധത്തിന് പുറപ്പെട്ട യു.എസിന് നഷ്ടമായത് ഒരു ഡസനി​ലേറെ യുദ്ധ വിമാനങ്ങളും 17 ആളില്ലാ വിമാനങ്ങളും. ഇതിൽ പലതും യു.എസിന്റെ അഭിമാന ശേഖരത്തിൽ പെട്ടവയുമാണെന്നാണ് ശ്രദ്ധേയം. ഇറാനിൽ തകർന്ന എഫ്15 വിമാനത്തിലെ സൈനിക ഓഫിസറെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യു.എസിന് ആറ് ഹെലികോപ്റ്ററുകളും രണ്ട് ട്രാൻസ്പോർട്ട് വിമാനങ്ങളും ബലിയർപ്പിക്കേണ്ടി വരികയും ചെയ്തു.

ഫൈറ്റർ ജെറ്റ് -നാലെണ്ണം

ഇറാനുമായുള്ള യുദ്ധത്തിൽ ഫൈറ്റർ ജെറ്റായ ‘എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ’ നാലെണ്ണമാണ് നഷ്ടമായത്. ഇതിൽ ഇറാൻ ആക്രമണത്തിൽ ഒന്നാണ് നഷ്ടമായത്. ഏപ്രിൽ മൂന്നിനായിരുന്നു ഇത്. മറ്റ് മൂന്നെണ്ണം തകർന്നത് കുവൈത്ത് സൈന്യം അറിയാതെ വെടിവച്ചിടുകയായിരുന്നുവെന്നാന് യു.എസ് പറയുന്നത്. മാർച്ച് രണ്ടിനായിരുന്നു ഈ സംഭവം. യു.എസ് എയർഫോഴ്സിന്റെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നാണ് ‘എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ’. ആകാശത്ത് ശത്രുവിമാനങ്ങളുമായി ഏറ്റുമുട്ടാനും (Air-to-Air), ഒരേസമയം ഭൂമിയിലെ ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തകർക്കാനും (Air-to-Ground) ഈ വിമാനത്തിന് കഴിയും. ശബ്ദത്തേക്കാൾ ഇരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കാനും പറ്റും.

10,400 കിലോയിലധികം ഭാരമുള്ള ബോംബുകളും മിസൈലുകളും വഹിക്കാൻ സാധിക്കുന്നതിനാൽ ഇതിനെ‘ ബോംബ് ട്രക്ക്’ എന്നും വിളിക്കാറുണ്ട്. 1990കളിൽ ഈ വിമാനത്തിന്റെ നിർമാണ ചിലവ് ഏകദേശം 3.11 കോടി ഡോളർ (ഏകദേശം 289 കോടി രൂപ) ആയിരുന്നു. ഇന്നത്തെ സാഹചര്യം കണക്കിലെടുക്കുകയാണെങ്കിൽ ഏകദേശം 6.5 കോടി ഡോളർ (ഏകദേശം 605 കോടി രൂപ) മുതൽ 10 കോടി ഡോളർ വരെ ചെലവ് വരും. ഈ വിമാനം ഒരുമണിക്കൂർ പറത്തുന്നതിനും വലിയ ചിലവാണുള്ളത്. ഒരു മണിക്കൂർ പറക്കുന്നതിന് ഏകദേശം 18,800 ഡോളർ മുതൽ 27,000 ഡോളർ വരെ (ഏകദേശം 17.5 ലക്ഷം മുതൽ 25 ലക്ഷം രൂപവരെ) ചെലവ് വരും. ഇതിലെ ക്രൂവിനെ പരിശീലിപ്പിച്ചെടുക്കാൻ മാത്രം 86 ലക്ഷം ഡോളർ (ഏകദേശം 80 കോടി രൂപ ) ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

എ10 തണ്ടർബോൾട്ട് -ഒരെണ്ണം

കരയുദ്ധത്തിന് പിന്തുണ നൽകുന്ന സൈനിക വിമാനം എ10 തണ്ടർബോൾട്ട് ഒന്നും നഷ്ടമായി. ഇറാൻ ആക്രമണത്തിൽ ഏപ്രിൽ മൂന്നിനാണ് ഇത് തകർന്നത്. യു.എസ് എയർഫോഴ്‌സിന്റെ പക്കലുള്ള ഏറ്റവും പ്രശസ്തമായ ഗ്രൗണ്ട് അറ്റാക്ക് (ഭൂതല ആക്രമണ) വിമാനമാണ് എ-10 തണ്ടർബോൾട്ട്. ഈ വിമാനത്തിന്റെ മൂക്കിൽ ഘടിപ്പിച്ചിട്ടുള്ള 30എം.എം തോക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു മിനിറ്റിൽ 3,900 റൗണ്ട് വെടിയുതിർക്കാൻ കഴിയും. ടാങ്കുകളുടെ കവചം പോലും തകർക്കാൻ ഇതിന് ശേഷിയുണ്ട്. പൈലറ്റിനെ സംരക്ഷിക്കുന്നതിനായി കോക്ക്പിറ്റിന് ചുറ്റും ഏകദേശം 540 കിലോയോളം വരുന്ന ടൈറ്റാനിയം കവചവുമുണ്ട്. ശത്രുക്കളുടെ വെടിയേറ്റാലും പൈലറ്റിന് അപകടം സംഭവിക്കാതെ വിമാനം പറത്താൻ ഇത് സഹായിക്കും. ഒരു എ-10 വിമാനത്തിന്റെ ഏകദേശ വില 1.88 കോടി ഡോളർ (ഏകദേശം156 കോടി രൂപ) ആണ്. ഇതൊരു പഴയ വിമാനമായതിനാൽ പുതിയവ നിർമിക്കുന്നില്ല. പകരം നിലവിലുള്ളവ നവീകരിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

കെസി135 വിമാനം -രണ്ടെണ്ണം

ഇന്ധനം നിറക്കാനുള്ള കെസി-135 വിമാനം രണ്ടെണ്ണവും പോർമുഖത്ത് ​തകർന്നടിഞ്ഞു. ഇതിൽ ആറ് യു.എസ് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. മാർച്ച് 12ന് ഇറാഖിലുണ്ടായ അപകടത്തിലാണ് രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ച് തകരുന്നത്. യു.എസ് വ്യോമസേനയുടെ പക്കലുള്ള ഏറ്റവും പ്രധാനപ്പെട്ട ഇന്ധനവാഹിനി വിമാനമാണ് കെസി-13. ആകാശത്തുവെച്ച് മറ്റ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറച്ചു നൽകുന്ന ഒരു ‘പറക്കും പെട്രോൾ പമ്പ്’ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. പറക്കുന്നതിനിടയിൽ തന്നെ പോർവിമാനങ്ങൾക്കും ബോംബർ വിമാനങ്ങൾക്കും ഇന്ധനം കൈമാറുക എന്നതാണ് ഇതിന്റെ പ്രാഥമിക ചുമതല. ഇത് വിമാനങ്ങൾക്ക് താവളങ്ങളിൽ തിരിച്ചെത്താതെ തന്നെ കൂടുതൽ ദൂരം സഞ്ചരിക്കാനും ദീർഘനേരം യുദ്ധമുഖത്ത് തുടരാനും സഹായിക്കുന്നു.

ഏകദേശം 90,700 കിലോയോളം ഇന്ധനം വഹിക്കാൻ ഇതിന് ശേഷിയുണ്ട്. കൂടാതെ 37 യാത്രക്കാരെയോ അല്ലെങ്കിൽ 37,000 കിലോയോളം ചരക്കോ ഒരേസമയം കൊണ്ടുപോകാനും സാധിക്കും.മണിക്കൂറിൽ ഏകദേശം 850 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാനും സാധിക്കും.

ഈ വിമാനം ഇപ്പോൾ പുതിയതായി നിർമിക്കുന്നില്ല. മുൻകാല കണക്കുകൾ പ്രകാരം ഇതിന്റെ നിർമാണ ചെലവ് ഏകദേശം 3.9 കോടി ഡോളർ (ഏകദേശം 320 കോടി രൂപ ) ആയിരുന്നു. ഇന്നത്തെ വിപണി മൂല്യം കണക്കാക്കിയാൽ ഒരു വിമാനത്തിന് ഏകദേശം ഏഴ് കോടി ഡോളർ വരെ (ഏകദേശം 580 കോടി രൂപ) ചെലവ് വരാം.

ഫൈറ്റർ ജെറ്റായ എഫ് 35-രണ്ടെണ്ണം

അത്യാധുനിക ഫൈറ്റർ ജെറ്റായ എഫ്-35 ഇറാൻ ആക്രമണത്തിൽ കേടുപാടുപറ്റിയതിനെ തുടർന്ന് മാർച്ച് 23 തിരിച്ചിറക്കി. രണ്ട് എഫ്-35 വിമാനങ്ങൾ തകർത്തുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. എന്നാലിതിന് തെളിവുകളില്ല. ലോകത്തിലെ ഏറ്റവും അത്യാധുനികവും കരുത്തുറ്റതുമായ അഞ്ചാം തലമുറ യുദ്ധവിമാനമാണ് എഫ്-35. അമേരിക്കയുടെ ലോക്ഹീഡ് മാർട്ടിൻ കമ്പനിയാണ് ഇത് നിർമിക്കുന്നത്.

ശത്രുക്കളുടെ റഡാറുകളിൽ പെടാതെ പറക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷതഷകളിലൊന്ന്. പൈലറ്റിന് വിമാനത്തിന്റെ പുറത്തുള്ള കാഴ്ചകൾ 360 ഡിഗ്രിയിൽ കാണാൻ സഹായിക്കുന്ന അത്യാധുനിക ഹെൽമെറ്റാണ് ഇതിനുള്ളത്. വിമാനത്തിന്റെ തറയിലൂടെ താഴെയുള്ള കാഴ്ചകൾ പോലും പൈലറ്റിന് ഇതിലൂടെ കാണാം. ഈ ഒരു വിമാനത്തിന് ഏകദേശം 8.2 കോടി ഡോളർ മുതൽ 11 കോടി ഡോളർ വരെ (ഏകദേശം 680 കോടി മുതൽ 915 കോടി രൂപ വരെ) ചിലവ് വരും. ഒരു മണിക്കൂർ പറക്കുന്നതിന് ഏകദേശം 30,000 ഡോളർ മുതൽ 40,000 ഡോളർ വരെ (ഏകദേശം 25 ലക്ഷം മുതൽ 33 ലക്ഷം രൂപവരെ) ചെലവുണ്ട്.

റഡാർ വിമാനം ഇ3 അവാക്‌സ് -ഒരെണ്ണം

യു.എസിന്റെ വിലയേറിയ റഡാർ വിമാനമായ ഇ3 അവാക്‌സ് ആണ് യുദ്ധമുഖത്ത് നഷ്ടമായ മറ്റൊരു കുന്തമുന. സൗദി അറേബ്യയിലെ യു.എസ് താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. ആകാശത്തെ ഒരു ‘പറക്കും കൺട്രോൾ ടവർ’ എന്നാണ് ഇത് അറിയപ്പെടുന്നത്. വിമാനത്തിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള 30 അടി വ്യാസമുള്ള വലിയ വട്ടത്തിലുള്ള റഡാറാണ് ഇതിന്റെ പ്രത്യേകത. ഇത് കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ 360 ഡിഗ്രിയിലും ശത്രുവിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്താൻ കഴിയും.

ഏകദേശം 400 കിലോമീറ്ററിലധികം ദൂരെയുള്ള വിമാനങ്ങളെയും മറ്റ് വസ്തുക്കളെയും ഒരേസമയം നിരീക്ഷിക്കാൻ സാധിക്കും. ഒരു ഇ3 വിമാനത്തിന്റെ ഏകദേശ വില 27 കോടി ഡോളർ (ഏകദേശം 2,250 കോടി രൂപ) ആണ്. നവീകരിച്ച മോഡലുകൾക്ക് ഇതിലും കൂടുതൽ ചിലവ് വരാം. ഒരു മണിക്കൂർ പറത്തുന്നതിന് ഏകദേശം 40,000 ഡോളർ വരെ (ഏകദേശം 33 ലക്ഷം രൂപ) ചെലവ് വരും.

ഹെലികോപ്റ്ററുകൾ-ആറ്, സി-130 ഹെർക്കുലീസ്-ര​ണ്ടെണ്ണം

ഇറാനിൽ തകർന്ന എഫ്15 വിമാന ത്തിലെ സൈനിക ഓഫിസറെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യു.എസിന് ബലിയർപ്പിക്കേണ്ടി വന്നത് ആറ് ഹെലികോപ്റ്ററുകളും (എം.എച്ച് 6, ബ്ലാക്ക് ഹോക്ക്, എ.എച്ച് 6) രണ്ട് ട്രാൻസ്പോർട്ട് (സി-130 ഹെർക്കുലീസ്) വിമാനങ്ങളെയുമാണ്. ഇവയിൽ പലതും ഞങ്ങൾ തന്നെ നശിപ്പിക്കുകയായിരുന്നുവെന്നാണ് യു.എസ് വ്യക്തമാക്കിയിരിക്കുന്നത്.

എംക്യു 9 റീപ്പർ ഡ്രോൺ -17 എണ്ണം

ഇതിന് പുറമെ ആളില്ലാ വിമാനമായ എംക്യു 9 റീപ്പർ ഡ്രോൺ 17 എണ്ണവും ഇറാൻ തകർത്തു. അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നാണിത്. ഇതിനെ ‘കൊലയാളി ഡ്രോൺ’ എന്നും വിശേഷിപ്പിക്കാറുണ്ട്. ശത്രുക്കളുടെ നീക്കങ്ങൾ ആരും അറിയാതെ നിരീക്ഷിക്കാൻ ഇതിന് സാധിക്കും. ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തി മിസൈലുകൾ ഉപയോഗിച്ച് തകർക്കാൻ അതിവേഗം കഴിയും. ഇത് പ്രവർത്തിപ്പിക്കാൻ പൈലറ്റ് ആവശ്യമില്ല. ഭൂമിയിലിരുന്നുള്ള ഒരു കൺട്രോൾ സ്റ്റേഷനിൽനിന്ന് ഉപഗ്രഹം വഴിയാണ് നിയന്ത്രണം. ഏകദേശം 27 മണിക്കൂർ വരെ തുടർച്ചയായി ആകാശത്ത് തുടരാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WardronIran-USUS DRONEIsrael Iran War
Next Story