ഹോർമുസ് കടലിടുക്ക് അടച്ചിടുമോ ഇറാൻ; ലോകത്തെ പ്രധാന സമുദ്ര ചരക്കുപാത തടസ്സപ്പെട്ടാൽ..!
text_fieldsതെഹ്റാൻ: സംഘർഷം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തെ പ്രധാന സമുദ്ര ചരക്കുപാതകളിലൊന്നായ ഹോർമുസ് അടച്ചാൽ വലിയ പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുക .
ലോകത്തിലെ കടൽമാർഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40 ശതമാനവും മൊത്തം എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും ഹോർമുസ് വഴിയാണ്. പാശ്ചാത്യൻ നാടുകളിൽനിന്ന് ഏഷ്യയിലേക്കുള്ള പ്രധാന ചരക്കുനീക്കവും ഇതുവഴിതന്നെ. ഈ തന്ത്രപ്രധാന ജലപാത അടച്ചുപൂട്ടിയാൽ ചരക്കുനീക്കം പ്രതിസന്ധിയിലാവുകയും എണ്ണവില കുത്തനെ ഉയരുകയും ചെയ്യും.
പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനുമിടയിലുള്ള കടലിടുക്കിന്റെ വടക്കൻ തീരത്താണ് ഇറാൻ സ്ഥിതി ചെയ്യുന്നത്. 54 കിലോമീറ്റർ (29 നോട്ടിക്കൽ മൈൽ) ആണ് ഹോർമുസിന്റെ വീതി. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 39 കിലോമീറ്റർ (21 നോട്ടിക്കൽ മൈൽ) മാത്രമേ വീതിയുള്ളൂ.
ഇതുവഴിയുള്ള കപ്പൽ ഗതാഗതം പ്രതിസന്ധിയിലാക്കാൻ ഇറാൻ നാവികസേനക്ക് കഴിയും. ഹോർമുസിൽ ഇടക്കിടെ ഇറാൻ നാവിക അഭ്യാസ പ്രകടനങ്ങൾ നടത്താറുണ്ട്. ലോകത്താകെ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നതാണ് ഹോർമുസ് വഴി ചരക്കുനീക്കം തടസ്സപ്പെടുന്നത്. പശ്ചിമേഷ്യയിലെ എണ്ണ കയറ്റുമതി രാജ്യങ്ങളെ വലിയതോതിൽ ബാധിക്കും.
ഇറാൻ-ഇസ്രായേൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഞായറാഴ്ചയും ഇരുപക്ഷവും മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതോടെ യുദ്ധം രൂക്ഷമാവുകയാണ്.
സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെ കൊല്ലപ്പെട്ട ഇസ്രായേലിന്റെ ആക്രമണത്തിൽ തുടക്കത്തിൽ പകച്ച ഇറാൻ ശക്തമായി തിരിച്ചടിച്ച് കനത്ത പ്രത്യാക്രമണമാണ് ഇസ്രായേലിന് നേരെ നടത്തിയത്. വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിൽ പതിച്ചു. ഞായറാഴ്ച മാത്രം ഇറാൻ ആക്രമണത്തിൽ 11 പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ഉം പരിക്കേറ്റവരുടെ എണ്ണം 380 ലേറെയുമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.