ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രം സന്ദർശിച്ചതിന് പിന്നാലെ അമേരിക്കക്ക് കടുത്ത മുന്നറിയിപ്പുമായി ഐആർജിസി മേധാവി
text_fieldsഅഹ്മദ് വാഹിദി
വാഷിങ്ടൺ: അമേരിക്കക്കും സഖ്യകക്ഷികൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) മേധാവി അഹ്മദ് വാഹിദി. ഇറാന്റെ അതീവ രഹസ്യ ഭൂഗർഭ മിസൈൽ കേന്ദ്രം സന്ദർശിച്ച ശേഷമാണ് അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകിയത്. ശത്രുക്കൾ നേരിടാനിരിക്കുന്ന തിരിച്ചടിയുടെ തുടക്കം മാത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് അഹ്മദ് വാഹിദി അറിയിച്ചു. 'ശത്രുവിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ അവർ കൂടുതൽ അപമാനിതരാകുന്നതും പരാജയപ്പെടുന്നതും നമുക്ക് കാണാനാകും. സത്യമാണ് വിജയിക്കുന്നതെന്നും അസത്യം തകർന്നുവീഴുമെന്നും വ്യക്തമാകും' എന്നായിരുന്നു വാഹിദിയുടെ പ്രതികരണം.
ഐ.ആർ.ജി.സിയുടെ ആയുധസംഭരണ കേന്ദ്രങ്ങളിലൊന്നായ ഭൂഗർഭ മിസൈൽ നഗരത്തിലെത്തിയ ശേഷമാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽനിന്ന് പ്രതിരോധശേഖരങ്ങളെ സംരക്ഷിക്കുകയാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. യുദ്ധമോ സമാധാനമോ ഇല്ലാത്ത അനിശ്ചിതാവസ്ഥ ഇങ്ങനെ തുടരാൻ ഇറാൻ അനുവദിക്കില്ലെന്ന് ഐ.ആർ.ജി.സി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൈനിക നീക്കങ്ങളിലൂടെ പ്രശ്നം പരിഹരിക്കുകയോ ഇറാന്റെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ മൂന്ന് പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും മൊഹെബി അവകാശപ്പെട്ടു. പുതിയ സംവിധാനങ്ങൾ രൂപകല്പന ചെയ്തത് ഐ.ആർ.ജി.സിയുടെ എയ്റോസ്പേസ് വിഭാഗമാണ്.
അതേസമയം, ഹുർമുസിന് മുകളിൽ പറന്ന അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ശനിയാഴ്ച ഐ.ആർ.ജി.സി അറിയിച്ചു. പുതുതായി വിന്യസിച്ച വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്നാണ് വിവരം. ഇറാൻ തകർത്ത 58ാമത്തെ അമേരിക്കൻ എംക്യു-9 ഡ്രോണാണിതെന്നും ഐ.ആർ.ജി.സി അവകാശപ്പെട്ടു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

