ആണവ സമ്പുഷ്ടീകരണം നിർത്തില്ല, അത് ഞങ്ങളുടെ അവകാശമാണ് -ഇറാൻ
text_fieldsന്യൂയോർക്: ആണവ നിർവ്യാപന കരാർ പാലിച്ച് സമാധാനപരമായ ആവശ്യങ്ങൾക്ക് നടത്തുന്ന ആണവ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് യു.എന്നിലെ ഇറാൻ അംബാസഡർ ആമിർ സഈദ് ഇറാവാനി. ‘‘സമ്പുഷ്ടീകരണം ഞങ്ങളുടെ അവകാശമാണ്.
ഒഴിച്ചുകൂടാനാവാത്ത അവകാശം. അത് നടപ്പാക്കണമെന്നാണ് ഞങ്ങളുടെ തീരുമാനം’’- അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് ഇറാൻ തയാറാണ്. പക്ഷേ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സംഭാഷണത്തിന്റെ സമയമല്ല. നിലവിൽ അങ്ങനെയൊരു ഒത്തുതീർപ്പിന് ആവശ്യവുമുയർന്നിട്ടില്ല. അന്താരാഷ്ട്ര ആണവോർജ സമിതി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിക്കോ പരിശോധക സംഘത്തിനോ ഇറാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് സുരക്ഷാ ഭീഷണികളുണ്ടായിട്ടില്ല. പരിശോധക സംഘം നിലവിൽ ഇറാനിലുണ്ടെങ്കിലും അവർക്ക് രാജ്യത്തെ ആണവ നിലയങ്ങളിൽ പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏജൻസിയുമായി സഹകരണം നിലവിൽ ഇറാൻ നിർത്തിവെച്ചിട്ടുണ്ട്.
എന്നാൽ, ഇറാനിലെ ഏക ലോഹ പരിവർത്തന കേന്ദ്രം അമേരിക്കൻ ആക്രമണത്തിൽ തകർന്നതിനാൽ ഇറാന് സമീപകാലത്തൊന്നും ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് വിശദീകരിച്ചു. ആക്രമണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച യു.എസ് സാമാജികർക്ക് മുന്നിലായിരുന്നു റാറ്റ്ക്ലിഫിന്റെ വിശദീകരണം. ഇറാന്റെ കൈവശമുണ്ടായിരുന്ന സമ്പുഷ്ടീകൃത യുറേനിയം ശേഖരം ഇസ്ഫഹാൻ, ഫോർദോ നിലയങ്ങളിലെ ആക്രമണത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചുമൂടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ ഡെമോക്രാറ്റിക് അംഗങ്ങൾക്ക് പുറമെ സ്വന്തം റിപ്പബ്ലിക്കൻ കക്ഷിയിലെ ചിലരും ട്രംപിന്റെ അവകാശവാദങ്ങളിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
അതിനിടെ, ഇറാനിലുണ്ടായ നാശത്തെ കുറിച്ച അവകാശവാദങ്ങൾ തള്ളുന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ഉറവിടം വ്യക്തമാക്കാൻ നിർബന്ധിച്ച് ട്രംപ്. ഉറവിടം വ്യക്തമാക്കിയില്ലെങ്കിൽ അവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് ട്രംപിന്റെ ഭീഷണി. ആക്രമണം പരിമിതമായി മാത്രമേ ലക്ഷ്യം കണ്ടൂവെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് സി.എൻ.എൻ, ന്യൂയോർക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദ്യമായി പുറത്തുവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.