ആക്രമണം സുഹൃദ് രാജ്യമായ ഖത്തറിനുനേരെയല്ല; ഊഷ്മള ബന്ധം തുടരാൻ പ്രതിജ്ഞാബദ്ധമെന്നും ഇറാൻ
text_fieldsതെഹ്റാൻ: അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ നടത്തിയ മിസൈലാക്രമണം സുഹൃദ് രാജ്യമായ ഖത്തറിനുനേരെയുള്ള ആക്രമണമല്ലെന്ന് ഇറാന്‍റെ ദേശീയ സുരക്ഷ കൗൺസിൽ.
ജനവാസ മേഖലയിൽനിന്ന് അകലെ സ്ഥിതി ചെയ്യുന്ന യു.എസ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സുഹൃത്തും സഹോദര രാജ്യവുമായ ഖത്തറിനും ആ രാജ്യത്തെ ജനതക്കും ഈ നടപടി ഒരു ഭീഷണിയും ഉയർത്തുന്നില്ല, ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിർത്തുന്നതിനും തുടരുന്നതിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷ കൗൺസിൽ അറിയിച്ചു. അതേസമയം, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇറാന്‍റെ ആക്രമണമെന്ന് ഖത്തർ പ്രതികരിച്ചു.
ഇറാന്‍റെ മിസൈൽ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിനെതിരായ ഏത് ഭീഷണിയെയും നേരിടാൻ സൈനികമായി സജ്ജമാണെന്നും അറിയിച്ചു. സ്വദേശികളും താമസക്കാരും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിൽ മൂന്ന് മിസൈലുകൾ പതിച്ചതായി ഖത്തർ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഖത്തർ സമയം തിങ്കളാഴ്ച രാത്രി 7.30ഓടെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചായിരുന്നു ഇറാന്‍റെ ആക്രമണം. ‘ബശാഇർ അൽ ഫതഹ്’ എന്ന് പേരിട്ടാണ് അമേരിക്കൻ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം ആരംഭിച്ചത്. ആക്രമണം ഖത്തറും ഇറാനും സ്ഥിരീകരിച്ചു.
ജനവാസ മേഖലയിൽ മിസൈൽ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല. ആളപായമോ, പരിക്കോ ഇല്ലെന്ന് ഖത്തർ അറിയിച്ചു. ഖത്തറിന്‍റെ തെക്ക്പടിഞ്ഞാറൻ മേഖലയിലെ മരുഭൂമിയിലാണ് അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളം പ്രവർത്തിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ അമേരിക്ക അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപറത്തി ഫോർദോ ഉൾപ്പെടെയുള്ള മൂന്നു ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഇറാൻ ഖത്തറിലെ യു.എസിന്‍റെ വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്. വൈകീട്ട് 6.45ഓടെ ഖത്തർ വ്യോമ പരിധി അടച്ചതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് മിസൈൽ ആക്രമണം ആരംഭിച്ചത്. തലസ്ഥാനമായ ദോഹയിലും അൽ വക്റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസ മേഖലയിലും വലിയ ശബ്ദം അനുഭവപ്പെട്ടു. രാത്രി 7.30ഓടെ ആകാശത്ത് മിസൈലുകൾ ദൃശ്യമാകുന്നതും മിസൈൽവേധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ദൃശ്യമായി.
തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താൽകാലികമായി അടച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവിസുകളെയും, ഖത്തർ വ്യോമപരിധി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും.
നിലവിൽ ഖത്തറിലേക്ക് പുറപ്പെട്ട വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടാൻ നിർദേശം നൽകിയതായും എയർലൈൻ അധികൃതർ അറിയിച്ചു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.