ഒക്ടോബർ 7 തടവുകാരെ പര്യവിചാരണ നടത്തി, തൂക്കിക്കൊല്ലാം; ബില്ലിന് ഇസ്രായേൽ പാർലമെന്റിന്റെ അംഗീകാരം
text_fieldsജെറുസലേം: ഗസ്സയിൽ മനുഷ്യത്വരഹിതമായ ക്രൂര വംശഹത്യ നടപ്പാക്കുന്ന ഇസ്രായേൽ ഭരണകൂടം കിരാത നിയമങ്ങളുമായി മുന്നോട്ട്. 2023 ഒക്ടോബർ 7ന് നടന്ന ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പലസ്തീനികളെ പരസ്യവിചാരണ നടത്തി, വധശിക്ഷ നടപ്പാക്കാൻ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്ന ബില്ലിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി. 120 സീറ്റുകളുള്ള നെസെറ്റിൽ ബിൽ 93-0 വോട്ടിന് പാസായി. ശേഷിക്കുന്ന 27 നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വധശിക്ഷ നടപ്പാക്കുന്നത് വളരെ എളുപ്പമാക്കുന്നതും, ന്യായമായ വിചാരണയ്ക്കുള്ള അവകാശം നിഷേധിക്കുന്നതുമാണ് ബില്ലെന്ന് ഇസ്രായേലി, പലസ്തീൻ മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി.ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കാൻ അധികാരം നൽകുന്നതും കുറ്റാരോപിതരുടെ നിയമ പരിരക്ഷകൾ ഇല്ലാതാക്കുന്നതാണ് ബിൽ എന്ന് ഇസ്രായേലിലെ അറബ് മൈനോറിറ്റി റൈറ്റ്സ് അഭിഭാഷകയായ മുന ഹദ്ദാദ് അൽ ജസീറയോട് പറഞ്ഞു.
"പീഡനമോ മോശമായ പെരുമാറ്റമോ ആയി കണക്കാക്കാവുന്ന സാഹചര്യങ്ങളിൽ, ലഭിച്ച തെളിവുകൾ അംഗീകരിക്കുന്നതിനുള്ള വിശാലമായ ജുഡീഷ്യൽ വിവേചനാധികാരവും തെളിവുകളുടെ പൊതുനിയമങ്ങളിൽ നിന്ന് വ്യതിചലിച്ച് കൂട്ട വിചാരണക്കും ബിൽ അധികാരം നൽകുന്നു" ഹദ്ദാദ് പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അവർ പറഞ്ഞു.കോടതിമുറി ക്യാമറകൾ സാധാരണയായി നിരോധിക്കുന്ന ഇസ്രായേലി ജുഡീഷ്യൽ രീതികളിൽ നിന്ന് വ്യത്യസ്തമായി, വിചാരണ ചിത്രീകരിക്കാനും പൊതു സംപ്രേഷണം ചെയ്യാനും ബിൽ അനുവദിക്കുന്നുണ്ട്.
പര്യവിചാരണ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ, നിരപരാധിത്വത്തിന്റെ അനുമാനം, ന്യായമായ വിചാരണയ്ക്കുള്ള അവകാശം, അന്തസ്സിനുള്ള അവകാശം എന്നിവയെ ലംഘിക്കുന്നതാണ് ബിൽ എന്നും ഹദ്ദാദ് വിശദീകരിച്ചു. ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ പേരിൽ മൂന്നൂറോളം പലസ്തീനികളെ ഇസ്രായേൽ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇസ്രായേലിന്റെ തെക്കൻ അതിർത്തിയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേർ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 240 പേരെ തടവുകാരായി പിടികൂടി. ഗാസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ കുറഞ്ഞത് 72,628 പലസ്തീനികൾ കൊല്ലപ്പെട്ടു, കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള "വെടിനിർത്തൽ" പ്രാബല്യത്തിൽ വന്നതിനുശേഷം കുറഞ്ഞത് 846 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

