ഗസ്സയിൽ ക്രൈസ്തവ രൂപത ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം: 24 മണിക്കൂറിനിടെ 251 പേർകൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം. ചികിത്സ തേടിയെത്തിയവർ അടക്കം ഏഴുപേർ കൊല്ലപ്പെട്ടു. ഭക്ഷണം കിട്ടാതെ 11 പേർ കൂടി വിശന്ന് മരിച്ചതായും ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ, 251 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
ഇസ്രായേൽ, അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വിതരണം ചെയ്യുന്ന ഭക്ഷണക്കിറ്റുകൾ വാങ്ങാൻ എത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടതായാണ് നാസർ മെഡിക്കൽ കോംപ്ലക്സ് അറിയിച്ചത്. മൂന്ന് മാസത്തിനിടെ ജിഎച്ച്എഫ് സഹായ കേന്ദ്രങ്ങൾക്ക് മുന്നിൽ അന്നംതടേിയെത്തിയ 1,924 പേരെയാണ് ഇസ്രായേൽ നിർദയം വെടിവെച്ചുകൊന്നത്. 14,288 ൽ അധികം പേർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തതാതയി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് കൊല്ലപ്പെട്ടവരിൽ 108 പേർ കുട്ടികളാണ്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 61,827 ആയി. 1,55,275 പേർക്ക് പരിക്കേറ്റു. ഗസ്സ സിറ്റിയിൽനിന്ന് ജനങ്ങളെ തുരത്തുന്നതിന്റെ ഭാഗമായി അക്രമം വ്യാപിപ്പിച്ചു. തെക്കൻ ഗസ്സയിലേക്ക് ആട്ടിപ്പായിക്കാനാണ് നീക്കം.
ഉപരോധത്തിനിടയിലും ഞായറാഴ്ച തമ്പുപകരണങ്ങൾ കടത്തിവിട്ടു. തെക്കൻ ഗസ്സയെ കോൺസെൻട്രേഷൻ ക്യാമ്പാക്കി മാറ്റുന്നതിന്റെ ഭാഗമായാണിതെന്ന് ആശങ്കയുണ്ട്. ഗസ്സ സിറ്റിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ആക്രമണം രൂക്ഷമാക്കിയത്. ഗസ്സയെ പൂർണമായി കീഴ്പ്പെടുത്തുന്നതിന്റെ ആദ്യപടിയാണ് ഗസ്സ സിറ്റിയിലെ മാരക ആക്രമണം.
അതിനിടെ, യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ തലസ്ഥാനമായ തെൽ അവിവിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി. യുദ്ധവിരുദ്ധ പ്രവർത്തകർ ജറൂസലം-തെൽ അവിവ് ഹൈവേ ഉപരോധിച്ചു. യു.എസിലും വിവിധ യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കാനഡയിലും യുദ്ധവിരുദ്ധ പ്രകടനങ്ങൾ നടന്നു.
രൂപത ആശുപത്രിക്ക് നേരെ മുമ്പും ഇസ്രായേൽ ആക്രമണം
ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയായ ജറൂസലം ക്രൈസ്തവ രൂപതയുടെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ മുമ്പ് രണ്ട് തവണ ഇസ്രായേൽ രൂക്ഷബോംബാക്രമണം നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഓശാന ഞായർ ദിവസവും 2023 ഒക്ടോബറിലുമാണ് ഈ ആശുപത്രി ആക്രമിച്ചത്.
ഓശാന ഞായർ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുനില കെട്ടിടത്തിലെ ഐ.സി.യു, സർജറി, ഫാർമസി, ലബോറട്ടറിയും അടക്കമുള്ള സകല സൗകര്യങ്ങളും തകർന്നിരുന്നു. മിസൈൽ പതിച്ച് ആശുപത്രി കെട്ടിടത്തിൽനിന്ന് കനത്ത തീയും പുകയും ഉയർന്നു. ചികിത്സയിലായിരുന്ന രോഗികൾ ജീവരക്ഷാർഥം പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയിൽ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതുമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2023 ഒക്ടോബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.