കുരുതി അവസാനിപ്പിക്കാതെ ഇസ്രായേൽ; 94 ഫലസ്തീനികളെകൂടി കൊലപ്പെടുത്തി
text_fieldsഗസ്സ സിറ്റിയിൽ അഭയാർഥി കേന്ദ്രമായ മുസ്തഫ ഹാഫിസ് സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ അൽശിഫ ആശുപത്രിയിൽ
ഗസ്സ: ഗസ്സയിൽ ഇസ്രായേലിന്റെ കുരുതി തുടരുന്നു. ഭക്ഷണത്തിന് കാത്തുനിന്ന 45 പേരെ ഉൾപ്പെടെ 94 ഫലസ്തീനികളെ ഒറ്റ ദിവസം കൊലപ്പെടുത്തി. 48 മണിക്കൂറിനിടെ 300ൽ ഏറെ പേരെയാണ് കൊലപ്പെടുത്തിയത്.
ഭക്ഷണ വിതരണത്തിനുള്ള മറ്റു വഴികൾ അടച്ച ശേഷം ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ നടത്തുന്ന വിതരണ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ എന്ന വ്യാജേനയാണ് നിരപരാധികളെ വെടിവെച്ച് കൊല്ലുന്നത്. കൊടുംപട്ടിണിയിലായതിനാലാണ് മരണക്കെണിയാണെന്ന് അറിഞ്ഞിട്ടും സഹായ വിതരണ കേന്ദ്രത്തിലേക്ക് ജനം കൂട്ടമായി എത്തുന്നത്. പ്രകോപനമില്ലാതെയാണ് തോക്കും ഗ്രനേഡും ഉപയോഗിച്ച് ആക്രമിക്കുന്നത്.
ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥികളുടെ തമ്പിൽ ബോംബിട്ട് 15 പേരെയും ഗസ്സ സിറ്റിയിൽ അഭയാർഥി കേന്ദ്രമായ സ്കൂളിൽ 15 പേരെയും കൊലപ്പെടുത്തി. ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 57,033 ആയി. 1,34,611 പേർക്ക് പരിക്കേറ്റു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഇസ്രായേൽ കുരുതി തുടരുന്നത്. 60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് ട്രംപ് മുന്നോട്ടുവെച്ചത്. ഈ സമയത്തിനുള്ളിൽ സമഗ്ര പരിഹാരം ചർച്ച ചെയ്യാമെന്ന് അദ്ദേഹം നിർദേശിച്ചു. പൂർണ യുദ്ധവിരാമം ആവശ്യപ്പെട്ട ഹമാസ് വെടിനിർദേശം പഠിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ വെസ്റ്റ് ബാങ്ക് പിടിച്ചടക്കണമെന്ന് ഇസ്രായേൽ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ മന്ത്രിമാർ ആവശ്യപ്പെട്ടത് ആശങ്കയും പ്രതിഷേധവും പടർത്തി. ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ നേതൃത്വത്തിൽ 14 മന്ത്രിമാരാണ് ജൂലൈ 27ന് പാർലമെന്റ് സെഷൻ അവസാനിക്കുന്നതിനു മുമ്പ് വെസ്റ്റ് ബാങ്ക് പൂർണമായി പിടിച്ചടക്കണമെന്ന് ആവശ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.