ഇസ്രായേൽ സർവേ: നെതന്യാഹു സഖ്യത്തെ മറികടന്ന് പ്രതിപക്ഷം; ആർക്കും കേവലഭൂരിപക്ഷമില്ലെന്ന് റിപ്പോർട്ട്
text_fieldsബെഞ്ചമിൻ നെതന്യാഹു
തെൽ അവീവ്: ഇസ്രായേലിൽ വെള്ളിയാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണസഖ്യത്തെക്കാൾ പ്രതിപക്ഷ പാർട്ടികൾ മുന്നിലെത്തുമെന്ന് പുതിയ അഭിപ്രായ സർവേ ഫലം. ലാസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേ പ്രകാരം പ്രതിപക്ഷ ബ്ലോക്കിന് 57 സീറ്റുകളും നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 51 സീറ്റുകളുമാണ് പ്രവചിക്കുന്നത്. എന്നാൽ 120 അംഗ നെസ്സറ്റിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകൾ നേടാൻ ഇരുപക്ഷത്തിനും കഴിയില്ലെന്നും രാഷ്ട്രീയ അനിശ്ചിതത്വം തുടരുമെന്നും ഇസ്രായേലി ദിനപത്രമായ 'മാരിവ്' റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ചാനൽ 13 പുറത്തുവിട്ട സർവേയിൽ ഇരുവിഭാഗവും 53 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ പുതിയ സർവേയിൽ പ്രതിപക്ഷത്തിന് ആറ് സീറ്റുകളുടെ മുൻതൂക്കം ലഭിച്ചെങ്കിലും ഭൂരിപക്ഷത്തിന് ഇനിയും നാല് സീറ്റുകളുടെ കുറവുണ്ട്. അറബ് പാർട്ടികൾ 12 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ജൂത പ്രതിപക്ഷ പാർട്ടികൾ തയാറല്ലെന്ന് വ്യക്തമാക്കിയതിനാൽ പ്രതിപക്ഷത്തിന് അധികാരത്തിലെത്തുക എളുപ്പമാവില്ല.
നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 20 സീറ്റുകൾ മാത്രമാണ് ലഭിക്കുക. തീവ്ര വലതുപക്ഷ പാർട്ടിയായ ഇതാമർ ബെൻ ഗ്വിറിന്റെ ജ്യൂയിഷ് പവർ എട്ടും, ഷാസ്, യുണൈറ്റഡ് തോറ ജൂതയിസം എന്നിവർ ഏഴ് വീതവും സീറ്റുകൾ നേടും. അതേസമയം പ്രതിപക്ഷ നിരയിൽ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള 'യാഷർ' പാർട്ടി 23 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ പാർട്ടി 15 സീറ്റും നേടിയേക്കും.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ജനപിന്തുണയിലും നെതന്യാഹു പിന്നിലാണ്. ഐസൻകോട്ടിന് 48 ശതമാനം പിന്തുണ ലഭിച്ചപ്പോൾ നെതന്യാഹുവിന് 39 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് നേടാനായത്. നഫ്താലി ബെന്നറ്റുമായി താരതമ്യം ചെയ്യുമ്പോഴും (43%:39%) നെതന്യാഹു പിന്നിലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇസ്രായേലും ഇറാനും തമ്മിൽ ഉടൻ മറ്റൊരു യുദ്ധമുണ്ടായേക്കുമെന്ന് ഭയപ്പെടുന്നതായി സർവേയിൽ പങ്കെടുത്ത 55% ഇസ്രായേലികളും ആശങ്ക പങ്കുവെച്ചു. ഒക്ടോബർ 27-ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന സർവേ ഫലങ്ങൾ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് അതീവ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

