ഗസ്സയിൽ യുദ്ധക്കുറ്റം തുടർന്ന് ഇസ്രായേൽ
text_fieldsഗസ്സ സിറ്റിയിൽ തകർന്നടിഞ്ഞ വീടുകൾക്കു മുന്നിൽ ഫലസ്തീനി കുട്ടികളും യുവാക്കളും
ഗസ്സ സിറ്റി: മാനുഷിക സഹായം എത്തിക്കാനുള്ള ഇടവേള പോലും നൽകാതെയും അഭയാർഥി ക്യാമ്പുകളും ആശുപത്രികളും ലക്ഷ്യമിട്ടും ഗസ്സയിൽ ഇസ്രായേലിന്റെ യുദ്ധക്കുറ്റം തുടരുന്നു. മധ്യ ഗസ്സ ചീന്തിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ അഭയംതേടിയ 18 പേരെ ഇസ്രായേൽ സേന ബോംബിട്ട് കൊന്നു. ശാത്തി ക്യാമ്പിൽ 10 പേരെയും ബോംബിങ്ങിൽ വധിച്ചു. അഭയകേന്ദ്രങ്ങളും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്ന് യു.എൻ ഏജൻസികൾ തന്നെ വ്യക്തമാക്കുന്നു.
ആംബുലൻസുകളും ചികിത്സസംവിധാനങ്ങളും ലക്ഷ്യമിടുന്നതായി ഗസ്സയിലെ ആരോഗ്യപ്രവർത്തകർ ആരോപിച്ചു. ഗസ്സ ചീന്തിലെ വലിയ കെട്ടിടങ്ങളും സാധാരണ വീടുകളും ലക്ഷ്യമിട്ട് മിസൈലുകളും ബോംബുകളും വർഷിച്ച ആക്രമണം മണിക്കൂറുകൾ നീണ്ടു നിന്നതായി ഗസ്സയിലെ വഫ വാർത്ത ഏജൻസി അറിയിച്ചു. ഗസ്സയിലെ ആക്രമണത്തിൽ ഇസ്രായേൽ, അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നതായി യൂറോ മെഡ് മനുഷ്യാവകാശ സംഘടന ആരോപിച്ചു. ഓക്സിജനിൽ ചേർന്നാൽ ഈ വിഷവാതകം ശ്വാസംമുട്ടിക്കുകയും ശ്വാസകോശത്തിന് സ്ഥിരമായ നാശമുണ്ടാക്കുകയും ചെയ്യും. ഗസ്സയിലെ അഞ്ചു ജലസംഭരണികളിൽ മൂന്നെണ്ണവും വറ്റിയതായി റെഡ് ക്രോസ് അറിയിച്ചു. 3,40,000 ഫലസ്തീൻകാർ കുടിയൊഴിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇതിൽ 2,18,000 പേർ ഗസ്സയിലെ 92 യു.എൻ സ്കൂളുകളിലാണെന്നും യു.എന്നിന്റെ ഫലസ്തീൻ അഭയാർഥികാര്യ വിഭാഗം പറഞ്ഞു.
ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് വടക്കൻ ഗസ്സയിൽ ഇസ്രായേൽ വിമാനം വഴി ലഘുലേഖ വിതരണം ചെയ്തു. ‘‘ഹമാസ് ഭീകരരുടെയോ അവരുടെ സംവിധാനങ്ങളുടെയോ സമീപമുള്ളവർ അവരുടെ ജീവൻ അപകടത്തിൽപെടുത്തുകയാണ്. ഭീകരർ ഉപയോഗപ്പെടുത്തുന്ന വീടുകളിൽ ബോംബിടും’’ -അറബിയിലുള്ള ലഘുലേഖ പറയുന്നു.
ഗസ്സയിൽ വൻ മാനുഷിക ദുരന്തം ഒഴിവാക്കാൻ 24 മണിക്കൂർ നേരത്തേക്ക് ‘താൽക്കാലിക മാനുഷിക വെടിനിർത്തൽ’ നടപ്പാക്കാൻ സമ്മർദം ചെലുത്തണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ലോകസമൂഹത്തോട് അഭ്യർഥിച്ചു. ‘‘കുടിവെള്ളമില്ല, മരുന്നില്ല, വൈദ്യുതിയും ഭക്ഷണവും ഇല്ല. ആരോഗ്യമേഖല തകരുന്നു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്’’ -യൂറോ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ വ്യാഴാഴ്ച ‘എക്സി’ൽ കുറിച്ചു. അടിയന്തരമായി മാനുഷിക ഇടനാഴി ഒരുക്കണമെന്ന് നോർവീജിയൻ അഭയാർഥി കൗൺസിൽ ആവശ്യപ്പെട്ടു.
‘‘അതി ജനസാന്ദ്രതയുള്ള ഗസ്സ നഗരം നിലക്കാത്ത ബോംബിങ്ങിലും സമ്പൂർണ ഉപരോധത്തിലുമാണ്. കഴിയാവുന്നത്ര വേഗത്തിൽ അവിടെയുള്ള ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാർഗം ആരായണം’’ -കൗൺസിൽ പറഞ്ഞു. ശനിയാഴ്ച മുതലുള്ള ഇസ്രായേൽ ആക്രമണത്തിൽ 12 യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കാതെ ഉപരോധം അവസാനിപ്പിക്കില്ല -ഇസ്രായേൽ
ജറൂസലം: ഹമാസ് തടവിലാക്കിയ മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഗസ്സക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് ഇസ്രായേൽ. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ മോർച്ചറികളാകുന്നത് ഒഴിവാക്കാൻ ഇന്ധന വിതരണം പുനരാരംഭിക്കണമെന്ന് റെഡ് ക്രോസ് അഭ്യർഥിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ നിലപാട് വ്യക്തമാക്കിയത്. ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചു.
ഇസ്രായേലി ബന്ദികൾ വീടുകളിൽ തിരിച്ചെത്തുന്നതുവരെ ഉപരോധത്തിൽ ഇളവ് വരുത്തില്ലെന്ന് ഊർജ മന്ത്രി ഇസ്രായേൽ കാട്സ് പറഞ്ഞു. ആരും തങ്ങളെ ധാർമികത പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.
അതേസമയം, ഗസ്സയിലേക്ക് കരമാർഗം കടന്നുകയറാൻ ഒരുങ്ങുകയാണെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഉത്തരവ് കിട്ടിയാൽ ഉടൻ അധിനിവേശം നടത്തുമെന്ന് ലഫ്. കേണൽ റിച്ചാർഡ് ഹെച്ച് പറഞ്ഞു. രാഷ്ട്രീയ നേതൃത്വം ഇതിനുള്ള ഉത്തരവ് ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ന് ശേഷം ആദ്യമായാണ് ഇസ്രായേൽ കരമാർഗമുള്ള യുദ്ധത്തിനൊരുങ്ങുന്നത്. 3,60,000 റിസർവ് സൈനികരെയും അധിക സേനയെയും ഗസ്സ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി നടത്തിയ വ്യോമാക്രമണം ഹമാസിന്റെ മുതിർന്ന നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്ന് റിച്ചാർഡ് ഹെച്ച് പറഞ്ഞു. മുതിർന്ന നാവിക ഉദ്യോഗസ്ഥന്റെ വസതിയിലും ഹമാസ് പോരാളികൾ ഉപയോഗിച്ച കമാൻഡ് സെന്ററുകളിലും ആക്രമണം നടത്തി. മറ്റൊരാക്രമണത്തിൽ ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടു. അവസാനം മുതിർന്ന ഹമാസ് നേതാവായ യഹ്യ സിൻവറിലേക്ക് എത്തുമെന്നും ഹെച്ച് പറഞ്ഞു.
പുതിയ യുദ്ധമന്ത്രിസഭയുടെ പിന്തുണയോടെ ഹമാസിനെ പൂർണമായി തകർക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.