Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാൻ യൂനിസിൽ ആക്രമണം...

ഖാൻ യൂനിസിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

text_fields
bookmark_border
ഖാൻ യൂനിസിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ
cancel

ഗസ്സ സിറ്റി: ഹമാസിന്റെ ശക്തികേന്ദ്രമായ ഖാൻ യൂനിസിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രായേൽ സൈന്യം. നഗരത്തിനുള്ളിലേക്ക് കൂടുതൽ മുന്നേറാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നത്. ഖാൻ യൂനിസിൽ ടാങ്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് പുറമേ, വ്യോമാക്രമണവും ശക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു.

ഈജിപ്ത് അതിർത്തിയോട് ചേർന്ന റഫയിൽ ആയിരക്കണക്കിന് ക്യാമ്പുകൾ ഉയർന്നതിെന്റ ദൃശ്യങ്ങൾ റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഡ്രോൺ ദൃശ്യങ്ങൾ വെളിപ്പെടുത്തി. ഖാൻ യൂനിസിലെ രൂക്ഷമായ ആക്രമണത്തെത്തുടർന്ന് സമീപ നാളുകളിൽ പതിനായിരക്കണക്കിന് ഫലസ്തീനികൾ റഫയിലേക്ക് പലായനം ചെയ്തിരുന്നു.

മധ്യ ഗസ്സയിലെ നുസൈറത്തിലും രൂക്ഷമായ ബോംബാക്രമണമാണ് നടക്കുന്നത്. ഇസ്രായേൽ സൈന്യം നടത്തുന്ന കരയാക്രമണത്തെത്തുടർന്ന് പതിനായിരങ്ങളാണ് ഇവിടെ നിന്ന് പലായനം ചെയ്തത്. തെക്കൻ ഗസ്സയിലെ കൂട്ട ഒഴിപ്പിക്കലിനെത്തുടർന്ന് പ്രദേശത്ത് രോഗവ്യാപന ഭീഷണി വർധിച്ചിരിക്കുകയാണെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ എത്തുന്ന ജീവകാരണ്യ സഹായങ്ങൾ വളരെ പരിമിതമാണെന്ന് യു.എൻ അറിയിച്ചു. എന്നാൽ, തങ്ങൾ സഹായം തടയുന്നില്ലെന്നും വിതരണത്തിെന്റ പ്രശ്നമാണെന്നുമാണ് ഇസ്രായേൽ പറയുന്നത്.

ഗസ്സയിലെ അഭയകേന്ദ്രങ്ങൾ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വ്യക്തിശുചിത്വം പാലിക്കുകയെന്നത് അങ്ങേയറ്റം പ്രയാസകരമായിരിക്കുകയാണ്. മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്. ആശുപത്രികളിലും താങ്ങാനാവുന്നതിലധികം രോഗികൾ നിറഞ്ഞിരിക്കുകയാണ്.

ഗസ്സയിലെ പകർച്ചവ്യാധി ഭീഷണിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഡിസംബർ പകുതി വരെയുള്ള മൂന്നുമാസം 1,80,000 ശ്വാസകോശ രോഗ കേസുകളും 1,36,400 അതിസാര കേസുകളും (ഇതിൽ പകുതിയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ്) 55,400 ചർമരോഗ കേസുകളും 5,330 ചിക്കൻപോക്സ് കേസുകളും 4,683 മഞ്ഞപ്പിത്ത കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച, ഇസ്രായേലുമായി സഹകരിച്ച് ആറ് ലക്ഷം വാക്സിനുകൾ ഗസ്സയിൽ ലഭ്യമാക്കി. യുദ്ധകാലത്ത് വാക്സിനെടുക്കാൻ സാധിക്കാതിരുന്ന കുട്ടികൾക്കാണ് ഇത് നൽകിയത്.

അതേസമയം, ഈജിപ്തിെന്റ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങളിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ചർച്ചകൾക്കായി ഹമാസ് നേതാക്കൾ കൈറോയിൽ എത്തിയിട്ടുണ്ട്. മേഖലയിലെ സംഘർഷം രൂക്ഷമാകുമെന്ന സൂചന നൽകി കഴിഞ്ഞ ദിവസം രാത്രിയിൽ തെക്കൻ ലബനാനിലും സിറിയയിലും ഇസ്രായേൽ ആക്രമണം നടത്തി. റോക്കറ്റാക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

നാവികസേനയും വ്യോമസേനയും രൂക്ഷമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം ശനിയാഴ്ച രാവിലെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഹമാസ് പോരാളികളെ വധിച്ചതായും വടക്കൻ ഗസ്സയിലെ ബെയ്ത് ലഹിയയിൽ ഹമാസ് ഉപയോഗിച്ച രണ്ട് കെട്ടിടങ്ങൾ തകർത്തതായും ഐ.ഡി.എഫ് പറഞ്ഞു.

റഫയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പെൺകുട്ടിയെ ജീവനോടെ പുറത്തെടുത്തു. രക്ഷാപ്രവർത്തകർ പുറത്തെടുത്ത കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോൾ കുടുംബത്തോടൊപ്പം വീട്ടിൽ കഴിയുകയായിരുന്നു കുട്ടി. ആക്രമണത്തിൽ കുട്ടിയുടെ മാതാവും സഹോദരിയും മരിച്ചു.

ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തെ വിമർശിച്ച് റബ്ബി എൽഹനാൻ ബെക്ക്

ലണ്ടൻ: ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് സയണിസ്റ്റ് വിരുദ്ധനായ റബ്ബി എൽഹനാൻ ബെക്ക്. തുർക്കിയയിലെ അനാദൊലു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

വംശഹത്യയെ ന്യായീകരിക്കുന്നവരെയും വംശഹത്യ നടത്തുന്നവരെയും ജൂതരായി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴ് ആരംഭിച്ചത് ഒക്ടോബർ ഏഴിനല്ല. 1948 മേയ് 15നാണ് അതിന്റെ തുടക്കം. കൂടുതൽ വംശഹത്യയും കൊലപാതകങ്ങളും നടത്തി വംശഹത്യകൾ മറച്ചുവെക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്.

ലോകം കരുതുന്നതുപോലെ ജൂതരുടെ സുരക്ഷിതകേന്ദ്രമല്ല ഇസ്രായേൽ. അതിലും സുരക്ഷിതമായി കഴിയാൻ സാധിക്കുന്നത് ലണ്ടനിലാണ്. ഇസ്രായേൽ സ്ഥാപിതമായതു മുതൽ ജൂതസമൂഹത്തിന് നേരിടേണ്ടിവന്നത് ചോരപ്പുഴകൾക്കു പിന്നാലെ ചോരപ്പുഴകളാണ്. ജൂതർക്ക് ഏറ്റവും അപകടകരമായ സ്ഥലം ഇന്ന് ഇസ്രായേലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Israel intensified attack on Khan Younis
Next Story