ലബനാനിലെ ഇസ്രായേൽ അധിനിവേശത്തിന് അതിരുകളില്ലാതായെന്ന് ഇറാൻ; പരമാധികാരത്തിന് ചെറുത്തുനിൽപ്പ് അനിവാര്യമെന്ന് മുന്നറിയിപ്പ്
text_fieldsഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം (ഫയൽ ചിത്രം)
തെഹ്റാൻ: ലബനാനിലെ സൈനിക അധിനിവേശത്തിനും തെക്കൻ മേഖലയിലെ കടന്നുകയറ്റത്തിനും ശേഷം ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും പൂർണമായി കാറ്റിൽപ്പറത്തിയിരിക്കുകയാണെന്ന് ഇറാൻ. ഇസ്രായേലിന്റെ ഇത്തരം നടപടികൾക്ക് യാതൊരുവിധ പരിധികളോ നിയന്ത്രണങ്ങളോ ഇല്ലെന്നും, ഇത് മേഖലയിലെ സമാധാനാന്തരീക്ഷത്തെ പൂർണമായും തകിടം മറിക്കുന്നതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ കടുത്ത ഭാഷയിൽ വിമർശിച്ചു. ലബനാന്റെ പരമാധികാരത്തിനും അഖണ്ഡതക്കും മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഈ സൈനിക നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയുടെ സമ്പൂർണ്ണ പിന്തുണയും, ഐക്യരാഷ്ട്രസഭയുടെ നിഷ്ക്രിയത്വവും, അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ഔദ്യോഗികമായി ഉയർത്തിപ്പിടിക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പും മൗനവുമാണ് ഇസ്രായേലിന് ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ ധൈര്യം നൽകുന്നതെന്ന് ഇറാൻ ആരോപിച്ചു. യാതൊരുവിധ നിയമങ്ങളെയോ മാനുഷിക മൂല്യങ്ങളെയോ വകവെക്കാതെ മുന്നേറുന്ന ഒരു ശക്തിക്കെതിരെ പൊരുതാൻ പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്ക് സായുധ പ്രതിരോധം എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവവികാസങ്ങൾ അടിവരയിട്ടു കാണിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ലബനാനിലെയും വിശാലമായ പശ്ചിമേഷ്യയിലെയും രാജ്യങ്ങൾക്കും ജനങ്ങൾക്കും ഇതൊരു ശക്തമായ മുന്നറിയിപ്പും പാഠവുമായിരിക്കണമെന്ന് ഇറാൻ ഓർമിപ്പിച്ചു. സ്വന്തം രാജ്യത്തിന്റെ പരമാധികാരവും സാംസ്കാരിക അന്തസ്സും ഭൗതിക അഖണ്ഡതയും സംരക്ഷിക്കണമെങ്കിൽ ശക്തമായ ചെറുത്തുനിൽപ്പും ഉറച്ച നിലപാടുകളും മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലബനാന് സ്വന്തം പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധ ശേഷിയും കരുത്തും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രതിസന്ധി ഘട്ടം ലോകത്തിന് മുന്നിൽ വീണ്ടും തുറന്നുകാട്ടുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
തെക്കൻ ലബനാനിലെ കഫർ റമാൻ നഗരത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി ഇറാൻ രംഗത്തെത്തിയത്. ലബനാനിലെ വെടിനിർത്തൽ ഉൾപ്പടെയുള്ള വ്യവസ്ഥകൾ മുന്നോട്ട് വെച്ച് കൊണ്ടായിരുന്നു ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയാറായിരുന്നത്. ലബനാന് നേരയെുള്ള ആക്രമത്തിന് ഇസ്രായേൽ കനത്ത തിരിച്ചടിഎ നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

