നാണംകെട്ട ക്രൂരത; വിമർശനം പരിഗണിക്കാതെ ഇസ്രായേൽ
text_fieldsവടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യം പിടികൂടിയവർ
ഗസ്സ: ഗസ്സയിലെ ക്രൂരമായ നരനായാട്ടിന്റെയും യുദ്ധക്കുറ്റങ്ങളുടെയും പേരിൽ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇസ്രായേൽ നാണംകെടുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ദൃശ്യം വടക്കൻ ഗസ്സയിൽനിന്ന് പിടികൂടിയ നൂറോളം വരുന്ന ഫലസ്തീനികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് കൈകൾ ബന്ധിച്ച് കുനിച്ചിരുത്തിയതാണ്. പ്രമുഖ ഫലസ്തീനി മാധ്യമപ്രവർത്തകൻ ദിയ അൽ കഹ്ലൂതും ഇവരിൽ ഉൾപ്പെടുന്നു.
വിദ്യാർഥികൾ ഉൾപ്പെടെ സിവിലിയന്മാരെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ബി.ബി.സി, അൽജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇവരെ എവിടേക്കോ കൊണ്ടുപോയി. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ചോദ്യംചെയ്യാനായി പിടികൂടിയതാണെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വക്താവ് ഡാനിയൽ ഹഗാരി പ്രതികരിച്ചത്.
എന്നാൽ, ഇസ്രായേൽ സൈന്യം സാധാരണക്കാരെയും പലായനംചെയ്യുന്നവരെയും പിടികൂടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. തടവുകാരോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും രണ്ടാം ലോകയുദ്ധകാലത്തെ ഓർമിപ്പിക്കുന്നതുമാണെന്ന് അൽ ഹഖ് മനുഷ്യാവകാശ സംഘടന ഡയറക്ടർ ഷവാൻ ജബറിൻ പറഞ്ഞു.
ഇത് മനുഷ്യത്വവിരുദ്ധവും ക്രൂരവും എല്ലാത്തിനുമപ്പുറം യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റകൃത്യവുമാണെന്ന് അദ്ദേഹം അൽജസീറയോട് പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനവും മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുമൊന്നും അവർ പരിഗണിക്കുന്നേയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിടിയിലായവർക്ക് ഹമാസുമായി ബന്ധമില്ലെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
ഏതാനും ബന്ധികൾ കൊല്ലപ്പെട്ടതായി ഹമാസ്
ഗസ്സ: ഏതാനും ബന്ധികൾ ഇസ്രായേലി ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് വക്താവ് അറിയിച്ചു. ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതിനിടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കൊലക്ക് മറുപടിയായി തെൽ അവീവിലേക്ക് റോക്കറ്റ് അയച്ചതായി അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.