ഒറ്റപ്പെട്ട് ഇസ്രായേൽ; അറബ് നേതാക്കൾ ഖത്തറിലേക്ക്, ഇസ്രായേലുമായി വ്യാപാര നടപടികൾ അവസാനിപ്പിക്കാൻ യൂറോപ്യൻ യൂനിയൻ
text_fieldsദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുപിന്നാലെ പശ്ചിമേഷ്യ മുൾമുനയിൽ. ആദ്യമായി ഒരു ജി.സി.സി രാഷ്ട്രത്തെ ലക്ഷ്യമിട്ട ഇസ്രായേൽ നടപടി സംഘർഷം പടർത്തുമെന്ന ആശങ്ക ശക്തമാണ്.
ഇസ്രായേൽ ഭീകരതയെ അപലപിച്ചും ഖത്തറിന് ഐക്യദാർഢ്യമറിയിച്ചും ലോക നേതാക്കൾ രംഗത്തെത്തി. ഇസ്രായേലുമായി വ്യാപാര നടപടികൾ അവസാനിപ്പിക്കുകയും തീവ്രപക്ഷ നേതാക്കൾക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്യാൻ യൂറോപ്യൻ യൂനിയൻ പ്രാരംഭ നടപടികൾ ആരംഭിച്ചു. പുതിയ സംഭവവികാസങ്ങൾ നേരിട്ട് ചർച്ച ചെയ്യാൻ അറബ് നേതാക്കൾ ഖത്തറിലെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കൾ തങ്ങിയ കെട്ടിടത്തിൽ 12 തവണയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. മുൻനിര നേതാക്കൾ രക്ഷപ്പെട്ട ആക്രമണത്തിൽ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തർ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഖത്തറിന്റെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ കുറ്റപ്പെടുത്തി.
ഗസ്സ വെടിനിർത്തൽ ചർച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങൾ അവസാനിപ്പിക്കില്ലെന്നും ഖത്തർ അറിയിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്‍യാൻ ദോഹയിലെത്തി. ഇതിന് പുറമെ, ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും എത്തും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു.ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രതികരിച്ചു.
ആക്രമണത്തെ അപലപിച്ച ജർമനി എന്നാൽ ഇസ്രായേലിനുള്ള പിന്തുണയിൽ മാറ്റമില്ലെന്ന് അറിയിച്ചു. ആക്രമണത്തെ ഖത്തർ ശൂറ കൗൺസിൽ കടുത്ത ഭാഷയിൽ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനൽ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇസ്രായേൽ തീവ്ര മന്ത്രിമാർക്ക് യൂറോപ്യൻ യൂനിയനു കീഴിലെ രാജ്യങ്ങളിൽ സമ്പൂർണ വിലക്കേർപ്പടുത്തുകയും വ്യാപാര നടപടികൾ പൂർണമായി അവസാനിപ്പിക്കുകയും ചെയ്യുന്ന നിർദേശമാണ് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ മുന്നോട്ടുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.