ഭക്ഷ്യകേന്ദ്രങ്ങളിൽ കണ്ണില്ലാ ക്രൂരത വീണ്ടും; 80ലേറെ മരണം
text_fieldsഗസ്സ സിറ്റി: ഭക്ഷ്യ കേന്ദ്രങ്ങളിൽ ഭക്ഷണപ്പൊതികൾക്ക് വരിനിന്നവരെ വീണ്ടും കൂട്ടക്കൊല നടത്തി ഇസ്രായേൽ സേന. ഖാൻ യൂനുസിലും റഫയിലുമാണ് ഭക്ഷണത്തിനായി കാത്തുനിന്നവർക്കു മേൽ മിസൈലുകളും ഷെല്ലുകളും വർഷിച്ചത്. 80ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 200ലേറെ പേർക്ക് പരിക്കേറ്റു. ഇത്തരം കേന്ദ്രങ്ങളിൽ മുമ്പും കൂട്ടക്കൊല പതിവാണെങ്കിലും സമീപനാളുകളിലെ ഏറ്റവും ക്രൂരമായ അറുകൊലയാണിത്.
ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ യു.എന്നിനു കീഴിലെ ലോക ഭക്ഷ്യ പ്രോഗ്രാം നടത്തുന്ന കേന്ദ്രത്തിനു സമീപം ആയിരക്കണക്കിന് ഫലസ്തീനികളാണ് ഭക്ഷണം കാത്ത് വരിനിന്നിരുന്നത്. ഇവർക്കു നേരെ ഡ്രോണുകൾ രണ്ട് മിസൈൽ വർഷിച്ചതിന് പിറകെ 300 മീറ്റർ ദൂരെയുണ്ടായിരുന്ന ടാങ്കുകളിൽനിന്ന് ഷെല്ലുകളും പതിച്ചു. 56 പേർ ഇവിടെ മരണത്തിന് കീഴടങ്ങി. റഫയിലെ അൽആലം ഭാഗത്ത് സമീപ ആക്രമണത്തിൽ 30ഓളം പേരും മരിച്ചു.
ഇത്തരം ഭക്ഷ്യ കേന്ദ്രങ്ങളിലെ കൂട്ടക്കൊല അന്വേഷണ വിധേയമാക്കണമെന്ന് കഴിഞ്ഞ ദിവസം യു.എൻ മനുഷ്യാവകാശ മേധാവി വോൾകർ ടർക് ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ മൊത്തം 74 പേരെ ഇസ്രായേൽ വധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.