ഗസ്സയിൽ 24 മണിക്കൂറിനിടെ 100 പേരെ കൊന്നുതള്ളി ഇസ്രായേൽ; ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
text_fieldsഗസ്സ സിറ്റി: ലോകം നിസ്സംഗമായി നോക്കിനിൽക്കെ ഗസ്സയിൽ അറുകൊല തുടർന്ന് ഇസ്രായേൽ. ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 100 ഓളം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. റഫയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവർക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു.
ഇതോടെ ഭക്ഷണം വാങ്ങാനെത്തിയവർക്കുനേരെ ദിവസങ്ങൾക്കിടെ ഇസ്രായേൽ തുടരുന്ന കുരുതിക്കിരയായവരുടെ എണ്ണം 102 ആയി. യു.എൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി പകരം യു.എസ് സഹായത്തോടെ ഇസ്രായേൽ തുടങ്ങിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്ന ഇടങ്ങളായി മാറുകയാണ്. കേന്ദ്രങ്ങൾ നടത്തിവന്ന അമേരിക്കൻ കമ്പനി ബി.സി.ജി പദ്ധതിയിൽനിന്ന് പിന്മാറിയിട്ടുണ്ട്.
ഇതിനു പിന്നാലെ ഗസ്സയിലെ മൂന്ന് ജി.എച്ച്.എഫ് കേന്ദ്രങ്ങളും അടച്ചുപൂട്ടിയ ഇസ്രായേൽ ഇവ ഇനി മുതൽ യുദ്ധഭൂമികളാണെന്നും പ്രഖ്യാപിച്ചു. അതിനിടെ, ഇവിടങ്ങളിലെ ഭക്ഷ്യവിതരണം വാർത്തയാക്കുന്നതിനുപകരം മാധ്യമങ്ങൾ കൊലപാതക വിവരം മാത്രം നൽകുകയാണെന്ന ആക്ഷേപവുമായി യു.എസ് വിദേശകാര്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. യു.എന്നിൽ ഫലസ്തീനെ അംഗീകരിക്കാനുള്ള ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടെ തീരുമാനത്തിനെതിരെയും യു.എസ് മുന്നറിയിപ്പ് നൽകി.
ദെയ്ർ അൽബലഹിലെ അൽഅഖ്സ മർട്ടയേഴ്സ് ആശുപത്രിയുടെ ഓഫിസ് കെട്ടിടത്തിന് ഇസ്രായേൽ ബോംബിങ്ങിൽ കേടുപാടുകൾ പറ്റി. ആശുപത്രിയിലെ രോഗികളിലും കൂട്ടിരിപ്പുകാരിലും കനത്ത ഭീതി ഉയർത്തിയായിരുന്നു ആക്രമണം. ആശുപത്രി പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് ആശങ്കയുണ്ട്.
അതിനിടെ, ബശ്ശാറുൽ അസദ് പുറത്തായി പുതിയ ഭരണകൂടം നിലവിൽ വന്നശേഷം ആദ്യമായി സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ. നിരവധി മരണം നടന്നതായും വ്യാപക കേടുപാടുകളുണ്ടായതായും സിറിയൻ സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സിറിയയിൽ ദാറാ പ്രദേശത്താണ് ആക്രമണം നടന്നത്. അതിനിടെ, ഗസ്സയിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗടക്കം ആളുകളുമായി ഗസ്സയിലേക്ക് പുറപ്പെട്ട ഗസ്സ ഫ്രീഡം േഫ്ലാട്ടിലക്കു മേൽ ഭീതിവിതച്ച് ഡ്രോണുകൾ പറന്നതായി പരാതി. ഈജിപ്തിലെത്തി ഗസ്സയിലേക്ക് കാൽനടയായി സഞ്ചരിക്കാനാണ് ഇവരുടെ പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.