48 മണിക്കൂറിൽ 92 പേർ; കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ
text_fields(photo: Bashar Taleb/AFP via Getty Images)
ഗസ്സ സിറ്റി: ബന്ദി മോചനത്തിന് ഹമാസിനെ നിർബന്ധിക്കാനെന്ന പേരിൽ ഗസ്സയിൽ ചോരപ്പുഴ തീർത്ത് ഇസ്രായേൽ ഭീകരത. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് കൊടുംപട്ടിണിയോട് മല്ലിടുന്ന ഗസ്സയിൽ 48 മണിക്കൂറിനിടെ 92 പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം 64 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഖാൻ യൂനുസിൽ ഇരുപതിലേറെ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായും ആശുപത്രി റിപ്പോർട്ടുകൾ പറയുന്നു.
തെക്കൻ ഗസ്സയിൽ ഖാൻ യൂനുസ്, റഫ മേഖലകളിൽ ആക്രമണം തുടരുകയാണ്. മവാസിയിൽ സുരക്ഷിത കേന്ദ്രമായി ഇസ്രായേൽ നിശ്ചയിച്ച കേന്ദ്രത്തിൽ വൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. റഫ പട്ടണത്തിൽ മാതാവും കുട്ടിയുമടക്കം നാലുപേർ കൊല്ലപ്പെട്ടതായി യൂറോപ്യൻ ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിൽ ആക്രമണം ശക്തമാക്കി സുരക്ഷിത മേഖലകൾ വരെ പിടിച്ചടക്കുമെന്ന ഇസ്രായേൽ ഭീഷണികളുടെ തുടർച്ചയായാണ് ഹൃദയഭേദകമായ അറുകൊല തുടരുന്നത്.
അതിനിടെ, പട്ടിണി പിടിമുറുക്കിയ ഗസ്സക്കു മേൽ ഇസ്രായേൽ തുടരുന്ന ഉപരോധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കൻ മെഡിറ്ററേനിയൻ ഓഫിസ് മേധാവി ഡോ. ഹനാൻ ബൽഖി ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. എന്നാൽ, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് ഹക്കാബി പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയ മാർച്ച് അവസാനം മുതൽ 4,20,000 ഫലസ്തീനികൾ പുതുതായി കുടിയിറക്കപ്പെട്ടതായി യു.എൻ അഭയാർഥി ഏജൻസി റിപ്പോർട്ട് പറയുന്നു. അതേസമയം, ഹമാസുമായി വെടിനിർത്തൽ കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നും ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇൽതമർ ബെൻ ഗ്വിറും പറഞ്ഞു. ഗസ്സയിൽ വെടിനിർത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഖലീൽ ഹയ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നതിന് പകരം പൂർണ പിന്തുണയും ആയുധങ്ങളും നൽകുന്ന ട്രംപ് ഭരണകൂടം യമനിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 84 ആയി. ഹൂതികളെ ലക്ഷ്യമിട്ടെന്ന പേരിൽ എണ്ണ തുറമുഖമായ റാസ് ഈസയിലാണ് വെള്ളിയാഴ്ച വൻ ആക്രമണം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.