അമ്മക്കാലു തെരഞ്ഞു തളര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം....
text_fieldsഇസ്രായേൽ വ്യോമാക്രമണത്തിൽ മരിച്ച ബന്ധുവിന്റെ കൈപിടിച്ച് വിതുമ്പുന്ന മുറിവേറ്റ ഫലസ്തീൻ വനിത [ഫോട്ടോ: എ.പി]
ഗസ്സ: തീ തുപ്പുന്ന ബോംബുകൾ വർഷിച്ച് ഇസ്രായേൽ പോർവിമാനങ്ങൾ തലക്കുമീതെ വട്ടമിട്ട് പറക്കുമ്പോഴും താഴെ ആ അമ്മമാർ തെരച്ചിലിലാണ്. കഴിഞ്ഞ ദിവസം വരെ കുഞ്ഞുകഥകൾ പറഞ്ഞ്, താരാട്ടുപാടി, ഉമ്മകൊടുത്ത് കൂടെ കിടത്തി ഉറക്കിയ പിഞ്ചുപൈതങ്ങളെ തേടി... ഇസ്രായേൽ സയണിസ്റ്റുകൾ തകർത്തു തരിപ്പണമാക്കിയ വീടുകളുടെയും ബഹുനില കെട്ടിടങ്ങളുടെയും കൽക്കൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ കുഞ്ഞുമക്കളെ തേടി...
ഭൂമിയിലെ ഏറ്റവും വലിയ തുറന്ന ജയിലെന്ന് നോം ചോംസ്കി വിശേഷിപ്പിച്ച ഗസ്സയിൽ 17നാളായി കണ്ണില്ലാത്ത കൂട്ടക്കൊലയും നശീകരണവുമാണ് ഇസ്രായേൽ നടത്തുന്നത്. ആക്രമണങ്ങളിൽ തകർത്ത പാർപ്പിട സമുച്ചയങ്ങൾക്കും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ 1500 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതിൽ 830 പേർ കുഞ്ഞുമക്കളാണ്. ഇവരിൽ ചിലർ ഇപ്പോഴും ജീവനോടെ, മരണത്തോട് മല്ലടിച്ചുകൊണ്ടാവാം കഴിയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവർക്കായി മാതാപിതാക്കളും സഹോദരങ്ങളും അടക്കമുള്ള ബന്ധുക്കളും രക്ഷാപ്രവർത്തകരും ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. എന്നാൽ, ഇസ്രായേൽ നിരന്തരം നടത്തുന്ന വ്യോമാക്രമണങ്ങൾക്കിടയിൽ ഇത് പോലും ദുഷ്കരമാവുകയാണ്.
23 ലക്ഷമാണ് ഗസ്സയിലെ ആകെ ജനസംഖ്യ. ഇതിൽ 47 ശതമാനവും കുട്ടികൾ. ജനങ്ങളിൽ 17 ലക്ഷവും പേർ കഴിയുന്നത് അഭയാർഥി കാമ്പുകളിലാണ്. ആകെ 140 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ കുഞ്ഞു മുനമ്പിലേക്കാണ് ആധുനിക യുദ്ധസാമഗ്രികളുമായി ഇസ്രായേൽ രാപ്പകൽ ഭേദമില്ലാതെ ബോംബുകൾ വർഷിക്കുന്നത്.

ഇതുവരെ 5,087 ഫലസ്തീനികൾ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 2,055 പേർ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. അധിനിവിഷ്ട ഫലസ്തീനിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 182 കുട്ടികൾ ഉൾപ്പെടെ 436 ഗസ്സക്കാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇതുവരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 15,273 ആയി. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ 12 ആശുപത്രികളും 32 ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനരഹിതമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം 57 ആയി. 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.