ഗസ്സ: ആശുപത്രികളിൽ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങി രോഗികൾ
text_fieldsഗസ്സ സിറ്റി: കനത്ത ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങൾ നിലച്ച് ഒറ്റപ്പെട്ട ഗസ്സയിലെ ആശുപത്രികളിൽ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങി രോഗികൾ. ഇസ്രായേൽ അതിക്രമം തുടരുന്ന അൽ ശിഫ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 രോഗികളും ഓക്സിജൻ ലഭിക്കാതെ മരിച്ചതായി ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു.
ചികിത്സയിലുള്ള നിരവധി നവജാതശിശുക്കളും മരിച്ചു. ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ബാക്കിയുള്ള രോഗികൾ കടുത്ത ആരോഗ്യപ്രശ്നം നേരിടുകയാണ്. രോഗികളും അഭയാർഥികളുമടക്കം 7000ത്തോളം പേർ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ഗസ്സയിലേക്ക് ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഏജൻസികളുടെ സഹായ വിതരണവും മുടങ്ങി.
മലക്കംമറിഞ്ഞ് നെതന്യാഹു
അൽ ശിഫയിൽ പരിശോധന തുടരുന്ന ഇസ്രായേൽ സേന കെട്ടിടത്തിനടിയിൽ തുരങ്ക കവാടം കണ്ടെത്തിയതായി അവകാശപ്പെട്ട് വിഡിയോ പുറത്തുവിട്ടു. ആശുപത്രി വളപ്പിൽ നിർത്തിയിട്ട ട്രക്കിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സേന പറയുന്നു. എന്നാൽ, ആശുപത്രിക്കടിയിൽ ഹമാസ് സൈനിക കേന്ദ്രമുണ്ടെന്ന ആരോപണത്തിന്റെ കൂടുതൽ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. അൽ ശിഫ ആശുപത്രി പിടിച്ചെടുക്കുമെന്ന് കണ്ടപ്പോൾ ദിവസങ്ങൾക്കു മുമ്പ് ഹമാസ് താവളം മാറ്റിയെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതേക്കുറിച്ച് വിശദീകരിച്ചത്. ആരോപണം ഹമാസും ഗസ്സ ആരോഗ്യ മന്ത്രാലയവും പലതവണ നിഷേധിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയ രണ്ടുപേരുടെ മൃതദേഹം ആശുപത്രിക്കു സമീപം കണ്ടെത്തിയതായി ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു.
അനുഭവിക്കുന്നത് കടുത്ത ഭക്ഷ്യക്ഷാമം
ഗസ്സയിലെ ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണെന്ന് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം മിഡിലീസ്റ്റ് വക്താവ് അബീർ ഇതീഫ പറഞ്ഞു. ആവശ്യമായതിന്റെ 10 ശതമാനം ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിലെത്തുന്നത്. ട്രക്കുകൾ അതിർത്തി കടക്കുന്നുണ്ടെങ്കിലും ഇന്ധനം ലഭ്യമല്ലാത്തതിനാൽ ഭക്ഷ്യവസ്തു വിതരണം നടക്കുന്നില്ല. വാർത്താവിനിമയ സംവിധാനങ്ങൾ നിലച്ചത് സ്ഥിതിഗതികൾ രൂക്ഷമാക്കി. ഇന്തോനേഷ്യൻ ആശുപത്രിയുടെ പ്രവർത്തനം പൂർണമായി നിലച്ചു.
കൂട്ടക്കൊല തുടരുന്നു
വടക്കൻ ഗസ്സക്കു പിന്നാലെ തെക്കു ഭാഗത്തും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. റഫയിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട് 18 പേരെ കൊലപ്പെടുത്തി. ഗസ്സ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത വ്യോമാക്രമണമാണ് നടന്നത്. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിലും നിരവധി പേർ മരിച്ചു.
അഞ്ച് ഇസ്രായേൽ സൈനികരെ വധിച്ചു
ഇസ്രായേലിന്റെ മൂന്ന് സൈനിക വാഹനങ്ങൾ തകർത്തതായും അഞ്ച് സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ലബനാനിൽനിന്ന് ഹിസ്ബുല്ല ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം തുടരുകയാണ്. യുദ്ധത്തിന് ഇടവേള വേണമെന്നും അടിയന്തര സഹായമെത്തിക്കണമെന്നും ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതി പ്രമേയം ഇസ്രായേൽ തള്ളിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.