‘ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’; വെസ്റ്റ്ബാങ്ക് അധീനപ്പെടുത്താൻ കുതന്ത്രങ്ങളുമായി ഇസ്രായേൽ
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിയന്ത്രണം ശക്തിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വസ്തുതാപരമായ പരമാധികാരം നടപ്പാക്കുന്നതിന് തുല്യമാണെന്ന് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥൻ. നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് ഇസ്രായേൽ ഊർജ മന്ത്രി എലി കോഹൻ ന്യായീകരണവുമായി രംഗത്തുവന്നത്.
ഭാവിയിൽ ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്നാണ് വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം ശക്തിപ്പെടുത്താൻ ഇസ്രായേൽ നടപടികൾ സ്വീകരിച്ചതിന്റെ സൂചനയെന്നും മന്ത്രി ഇസ്രായേൽ സൈനിക റേഡിയോയോട് പറഞ്ഞു.
വെസ്റ്റ്ബാങ്കിൽ നിയന്ത്രണം കടുപ്പിക്കാനും ഫലസ്തീൻ അതോറിറ്റിയുടെ അധികാരം പരിമിതപ്പെടുത്താനുമുള്ള നീക്കങ്ങളെ അറബ് രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചിരുന്നു. സ്വന്തമായി രാഷ്ട്രം ആഗ്രഹിക്കുന്ന 3.4 ദശലക്ഷം ഫലസ്തീനികൾ താമസിക്കുന്ന പ്രദേശം കൈയേറാനാണ് ഇസ്രായേൽ നീക്കമെന്നും അവർ കുറ്റപ്പെടുത്തി.
വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്നായിരുന്നു കഴിഞ്ഞവർഷം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. അത് കണക്കിലെടുക്കാതെയാണ് ഇസ്രായേലിന്റെ നീക്കം.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം; മൂന്ന് മരണം
ഗസ്സ സിറ്റി:നാലുമാസമായി ഗസ്സയിൽ തുടരുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. തിങ്കളാഴ്ച പടിഞ്ഞാറൻ ഗസ്സയിൽ നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ റഫയിലും ഇസ്രായേൽ സൈന്യം ആക്രമണം നടത്തി. കഴിഞ്ഞദിവസം പടിഞ്ഞാറൻ ഗസ്സയിലെ ജനവാസ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേൽ സൈന്യം റെയ്ഡും അറസ്റ്റും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

