ഓസ്കർ ജേതാവ് ബാസിൽ അദ്റയുടെ വീട്ടിലും ഇസ്രായേൽ റെയ്ഡ്; ഗസ്സയിൽ ഞായറാഴ്ച കൊല്ലപ്പെട്ടത് 48 പേർ
text_fieldsറാമല്ല: ഗസ്സയിൽ കൂട്ടക്കുരുതിയും കെട്ടിടം തകർക്കലും തുടരുന്ന ഇസ്രായേൽ വെസ്റ്റ് ബാങ്കിലും ഭീകരത തുടരുന്നു. ഫലസ്തീനി ഓസ്കർ ജേതാവായ ബാസിൽ അദ്റയുടെ വീട്ടിൽ ഇസ്രായേൽ സേന റെയ്ഡ് നടത്തി. ഒമ്പത് സൈനികർ വീട്ടിനകത്ത് കയറി ഭാര്യയെ ചോദ്യം ചെയ്തതായും അമ്മാവനെ പിടിച്ചുവെച്ചതായും ബാസിൽ അദ്റ പറഞ്ഞു. കുറച്ചുസമയം കഴിഞ്ഞ് അമ്മാവനെ വിട്ടയച്ചു. തന്റെ ഗ്രാമത്തിൽ അനധികൃത കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ രണ്ട് സഹോദരന്മാർക്കും ബന്ധുവിനും പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വെസ്റ്റ് ബാങ്കിൽ മസാഫിർ യത്തയിൽ ഇസ്രായേൽ നടത്തിയ കടന്നുകയറ്റത്തിന്റെ കഥ പറയുന്ന ‘നോ അദർ ലാൻഡ്’ ഡോക്യുമെന്ററി കഴിഞ്ഞ ഓസ്കറിൽ പുരസ്കാരം നേടിയിരുന്നു. ഇസ്രായേൽ സംവിധായകരായ അബ്രഹാം, റേച്ചൽ സോർ എന്നിവർക്കൊപ്പമായിരുന്നു അദ്റ ഇത് തയാറാക്കിയത്.
സഹസംവിധായകൻ ഹംദാൻ ബല്ലാലിന് നേരെയും മുമ്പ് ആക്രമണമുണ്ടായിരുന്നു. സമീപകാലത്തായി പുതിയ കുടിയേറ്റ കേന്ദ്രത്തിന് അംഗീകാരം നൽകിയ ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ വൻ കടന്നുകയറ്റം തുടരുകയാണ്. ഏറ്റവുമൊടുവിൽ അൽബീറ പട്ടണത്തിൽ അമാരി അഭയാർഥി ക്യാമ്പിന്റെ പ്രവേശന കവാടത്തിൽ സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്.
അതിനിടെ, നെഞ്ചു പിടക്കുന്ന ക്രൂരത തുടരുന്ന ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഞായറാഴ്ച പകലിൽ മാത്രം 48 പേരുടെ മരണം സ്ഥിരീകരിച്ചു. ഗസ്സ സിറ്റിയിലാണ് ഏറ്റവും ഭീതിദമായ ആക്രമണം തുടരുന്നത്. ഇവിടെ നിരവധി കെട്ടിടങ്ങൾ തകർക്കുന്നത് തുടരുകയാണ്. ലക്ഷങ്ങൾ ഇപ്പോഴേ തിങ്ങിക്കഴിയുന്ന മവാസിയിലേക്ക് കൂട്ട പലായനം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.