ലബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; വെടിനിർത്തൽ ലംഘനമെന്ന് ഹിസ്ബുല്ല
text_fieldsബൈറൂത്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ വീണ്ടും ലബനാനിൽ കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബെകാ വാലിയിലും ലബനാന്റെ സിറിയൻ അതിർത്തിയിലുമാണ് കഴിഞ്ഞ രാത്രി ആക്രമണം നടത്തിയത്.
ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യമന്ത്രി അറിയിച്ചു. ഹിസ്ബുല്ലയുടെ ഭൂഗർഭ ആയുധ കേന്ദ്രങ്ങളും ആയുധം കടത്തുന്ന മേഖലയുമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം ന്യായീകരിച്ചു. വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സേനയെ ലബനാനിൽനിന്ന് പിൻവലിക്കാനുള്ള സമയപരിധി നീട്ടിനൽകിയതിനെതുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
വ്യോമാക്രമണത്തെ അപലപിച്ച ഹിസ്ബുല്ല നേതാവ് ഇബ്രാഹിം മുസാവി, ഇസ്രായേലിന്റെത് വെടിനിർത്തൽ കരാറിന്റെ അപകടകരമായ ലംഘനവും വ്യക്തമായ അധിനിവേശവുമാണെന്നും ചൂണ്ടിക്കാണിച്ചു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണം ലബനാൻ തടയണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ 27ന് ഹിസ്ബുല്ലയുമായി വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം 83 പേരെങ്കിലും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല, അതിർത്തി ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയവർക്കുനേരെ സൈന്യം വെടിവെച്ചതിനെതുടർന്ന് 228 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.