ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ, 27 മരണം; യു.എൻ ഉന്നതതല സമ്മേളനം മാറ്റി
text_fieldsഗസ്സ: ഇറാനുമായി പുതിയ യുദ്ധമുഖം തുറന്ന ശേഷവും ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി നടന്ന ആക്രമണങ്ങളിൽ 27 പേർ കൊല്ലപ്പെട്ടു.
വിവിധയിടങ്ങളിലെ ആക്രമണത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 16 പേർ മരിച്ചതായി ഖാൻ യൂനുസിലെ നാസർ ആശുപത്രി അധികൃതർ അറിയിച്ചു. മധ്യ ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ മരിക്കുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ അവ്ദ ആശുപത്രി അധികൃതർ അറിയിച്ചു. റഫയുടെ തെക്കേ അറ്റത്തുള്ള രണ്ട് സഹായ വിതരണ കേന്ദ്രങ്ങൾക്ക് സമീപം മൂന്നുപേർകൂടി കൊല്ലപ്പെട്ടു.
ഇസ്രായേൽ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, സേനയെ സമീപിച്ച സംശയിക്കുന്ന ആളുകൾക്കു നേരെ മുന്നറിയിപ്പ് വെടിയുതിർക്കുകയായിരുന്നുവെന്ന് സൈന്യം അവകാശപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ ഇസ്രായേൽ സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതായി സമീപത്തുള്ള ബുറൈജ് അഭയാർഥി ക്യാമ്പിലെ താമസക്കാരൻ മുഹമ്മദ് അബൂ ഹുസൈൻ പറഞ്ഞു.
അതേസമയം, ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി അടുത്തയാഴ്ച യു.എന്നിൽ നടത്താനിരുന്ന ഉന്നതതല സമ്മേളനം പുതിയ സംഘർഷ സാഹചര്യത്തിൽ മാറ്റിവെച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. സുരക്ഷ കാരണങ്ങളാലും ഫലസ്തീൻ പ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലുമാണ് തീരുമാനം.
ഉടൻ സമ്മേളനം നടത്തുമെന്നും പുതിയ തീയതിയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. മിഡിൽ ഈസ്റ്റിന് ചുറ്റുമുള്ള ഫ്രാൻസിന്റെ സേന ഇസ്രായേൽ ഉൾപ്പെടെയുള്ള മേഖലയിലെ പങ്കാളികളെ സഹായിക്കാൻ തയാറാണെന്നും എന്നാൽ ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.