റഫയിൽ അറുതിയില്ലാതെ അറുകൊല; 24 മണിക്കൂറിനിടെ 46 പേർകൂടി കൊല്ലപ്പെട്ടു
text_fieldsഇസ്രായേൽ ആക്രമണത്തെത്തുടർന്ന് റഫയിൽനിന്ന് രക്ഷപ്പെടുന്നവർ
ഗസ്സ സിറ്റി: ഫലസ്തീൻ അഭയാർഥികളുടെ തമ്പുകൾക്കുമേൽ ബോംബിട്ട് 45 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ സേനക്കെതിരെ ലോകമാകെ രോഷം പുകയുമ്പോഴും റഫയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തി സൈനിക ടാങ്കുകൾ. മധ്യ റഫയിലെ അൽ അവ്ദ മസ്ജിദിന് സമീപം ടാങ്കുകൾ തീതുപ്പിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രായേൽ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
24 മണിക്കൂറിനിടെ ഗസ്സയിൽ 46 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 36,096 ആയി. 81,136 പേർക്ക് പരിക്കുണ്ട്. റഫ കൂട്ടക്കുരുതിയെ കടുത്ത ഭാഷയിൽ അപലപിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഗസ്സയിൽ അടിയന്തര വെടിനിർത്തലാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. കൂട്ടക്കൊല ഹൃദയഭേദകമാണെന്ന് പറഞ്ഞ യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ, സംഭവത്തിൽ സുതാര്യ അന്വേഷണം വേണമെന്നും അഭിപ്രായപ്പെട്ടു. ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എൻ രക്ഷാസമിതി യോഗം ചേരുന്നുണ്ട്.
ലക്ഷക്കണക്കിന് അഭയാർഥികൾ തമ്പടിച്ച തൽ അസ്സുൽത്താനിൽ തിങ്കളാഴ്ച രാത്രിയും കര- വ്യോമാക്രമണം തുടർന്ന ഇസ്രായേൽ സേന 16 പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ സിവിൽ ഡിഫൻസും റെഡ് ക്രസൻറും അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചവരെ യുദ്ധവിമാനങ്ങളുടെയും ഡ്രോണുകളുടെയും ഇരമ്പലും സ്ഫോടന ശബ്ദവും കേൾക്കാമായിരുന്നുവെന്ന് തമ്പുകളിലൊന്നിൽ താമസിക്കുന്ന അബ്ദുറഹ്മാൻ അബൂ ഇസ്മായിൽ പറഞ്ഞു. രണ്ട് ഹമാസ് നേതാക്കളെ വധിക്കാനെന്ന അവകാശവാദത്തോടെ ഞായറാഴ്ച രാത്രി ബോംബിട്ട തമ്പുകളിലെ അവസ്ഥ കരളലിയിക്കുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ തലയില്ലാത്ത മൃതദേഹങ്ങളും സ്ത്രീകളുടെ കത്തിച്ചാമ്പലായ ശരീരഭാഗങ്ങളുമായിരുന്നു തമ്പിലെങ്ങും. റഫയിൽ ‘നിർഭാഗ്യകരമായ ദുരന്തം’ ഉണ്ടായതായി പാർലമെന്റിൽ സമ്മതിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് വന്നതിനുശേഷമേ അന്തിമ തീർപ്പ് സാധ്യമാകൂവെന്നും പ്രതികരിച്ചു.
അതിനിടെ, മൂന്നാഴ്ചക്കിടെ 10 ലക്ഷത്തോളം പേർ റഫയിൽനിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. റഫയിൽ എവിടെയും സുരക്ഷിത സ്ഥാനമില്ലാതായി. അതിർത്തികൾ അടച്ചതുമൂലം ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമല്ല. റഫയിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നായ കുവൈത്ത് സ്പെഷാലിറ്റി ഹോസ്പിറ്റൽ അടച്ചുപൂട്ടിയതും സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.