ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്ത് ഇറാൻ; ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശിച്ച് ഇസ്രായേൽ
text_fieldsFile Pic
തെൽ അവിവ്: ഇസ്രായേലിന്‍റെ വടക്കൻ മേഖലകളെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് ഇറാൻ. ഇതേത്തുടർന്ന് ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ആക്ടീവ് ആയെന്നും ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഡിസ്ട്രിക്ട് 3യിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഡിസ്ട്രിക്ട് 3യിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക ആക്രമണമുണ്ടായത്. ഇറാൻ സ്റ്റേറ്റ് ടി.വി ആസ്ഥാനത്തും ഇസ്രായേൽ ബോംബിട്ടു. നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.
ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സ്റ്റേറ്റ് ടിവിയിൽ തൽസമയ വാർത്ത സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. വലിയ സ്ഫോടനം നടക്കുന്നതും വാർത്ത അവതാരക ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, വീണ്ടും സംപ്രേഷണം പുനരാരംഭിച്ച് അവതാരക അതേ സീറ്റിൽ വന്നിരുന്ന് വാർത്ത വായിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, ഔദ്യോഗിക ടെലിവിഷനെ ഇറാൻ സൈന്യം സായുധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നെന്നും അതിനാലാണ് ആക്രമിച്ചതെന്നും ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിന് സമാനമായി തെൽ അവിവിലെ ജനങ്ങൾക്ക് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് മിസൈലുകൾ തൊടുത്തിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പൂർണയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് ഉയരുന്നത്. നേരത്തെ, നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിട്ടും സിവിലിയൻ മേഖലയിലല്ല തങ്ങൾ ആക്രമണം നടത്തിയത് എന്ന വാദത്തിലായിരുന്നു ഇസ്രായേൽ. എന്നാൽ, ഇപ്പോൾ സിവിലിയൻ മേഖല മുന്നറിയിപ്പ് നൽകി ആക്രമിക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്. ഇതിന്, അതേനാണയത്തിൽ മറുപടി നൽകാനാണ് ഇറാന്‍റെ നീക്കം.
സംഘർഷം അതിരൂക്ഷമാകുന്നതിനിടെ യു.എസ് പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. യു.എസിന്‍റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ് വിയറ്റ്നാമിൽ ഡോക്ക് ചെയ്യാനുള്ള മുൻതീരുമാനം റദ്ദാക്കി പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലവിൽ മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ് കപ്പൽ. മേഖലയിലെ യു.എസ് കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുമോയെന്ന ആശങ്കയുടെ പുറത്താണ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.